ADVERTISEMENT

കൊച്ചി ∙ ഓൺലൈൻ അവതാരകയെ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓൺലൈൻ അവതാരക പരാതി നൽകിയത്. സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിൻവലിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്കു നൽകാനുള്ള ഹർജിയിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തക ഒപ്പിട്ടു നൽകി. 

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവർ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 

കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടൻ അവതാരകയ്ക്കും സഹപ്രവർത്തകർക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് സിനിമാ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

പരാതിക്കാരിയോട് നേരിട്ടു സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നൽകിയതിനെ തുടർന്നാണ് യുവതി പരാതി പിൻവലിക്കാൻ തീരുമാനിച്ചത്.

അതേസമയം, ഇത്തരത്തിൽ അഭിമുഖം എടുക്കുന്നവരെ തുടർച്ചയായി നടൻ അപമാനിച്ചിട്ടുള്ളതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ, അഭിമുഖ സമയത്ത് നടൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയാനായി പൊലീസ് നടന്റെ മുടിയും നഖവും ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അവതാരക പരാതി പിൻവലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ള, സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 

English Summary: Anchor will withdraw complaint against Sreenath Bhasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com