ADVERTISEMENT

ചെന്നൈ ∙ സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളിലൊരാളും സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു മാസം മുൻപാണ് ആരോഗ്യനില വീണ്ടും വഷളായത്. 2006–11 കാലയളവിൽ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചു. 

കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍. മൃതദേഹം ‍ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തി. ‍ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. 3ന് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം. അന്നു മാഹി, തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും.

കോടിയേരി ബാലകൃഷ്ണൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
കോടിയേരി ബാലകൃഷ്ണൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഈ വർഷം കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശേരിയിൽനിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട്. അർബുദ രോഗബാധയെത്തുടർന്ന് 2019 ഒക്ടോബറിൽ യുഎസിൽ ചികിത്സ തേടിയ അദ്ദേഹം ഈ വർഷം ഏപ്രിൽ 30ന് യുഎസിൽത്തന്നെ തുടർചികിത്സയ്ക്കു പോയിരുന്നു. മേയ് 17 ന് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുംവരെ സംസ്ഥാന സെന്ററാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

2020 ൽ ആരോഗ്യകാരണങ്ങളാൽ അവധി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്ഥാന സെകട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇടക്കാലത്ത് ഒരു വർഷം സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ഒഴിഞ്ഞു. നിലവിലെ പിബി അംഗം എ.വിജയരാഘവനായിരുന്നു അന്ന് പകരം ചുമതല. കണ്ണൂർ കല്ലറ തലായി എൽപി സ്കൂൾ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16 നാണ് ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് പ്രീഡിഗ്രിയും ബിരുദപഠനവും പൂർത്തിയാക്കി.

കോടിയേരി ബാലകൃഷ്ണൻ. ചിത്രം :  മനോരമ
കോടിയേരി ബാലകൃഷ്ണൻ. ചിത്രം : മനോരമ

സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ്.ആർ. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. അഖില, റിനീറ്റ. കോടിയേരിയുടെ കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ...

രാഷ്ട്രീയചൂരിൽ ത്രസിക്കുന്ന കണ്ണൂർ തട്ടകത്തിൽനിന്നാണ് നാടിന്റെ പേരു തന്നെ സ്വന്തം പേരിനു പകരം വയ്ക്കാവുന്ന തലത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന രാഷ്ട്രീയത്തിൽ വളർന്നത്. സ്കൂൾ പഠനകാലത്തുതന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ കോടിയേരി ബാലകൃഷ്ണൻ സജീവമായി. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഇന്നത്തെ എസ്എഫ്ഐയുടെ ആദ്യരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിച്ച് അതിന്റെ സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം.

രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പത്താം ക്ലാസിനുശേഷം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്‌ക്കാതെ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്പനിയിൽ രണ്ടു മാസം ജോലി ചെയ്‌തു. തിരിച്ചെത്തിയശേഷം മാഹി മഹാത്മാഗാന്ധി കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1970 ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവിൽ മാഹി മഹാത്മാഗാന്ധി കോളജ് യൂണിയൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1970 ൽ തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973 ൽ കോടിയേരി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. അതേവർഷം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തുടർന്നു.

ഇതിനിടെ1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം സെന്‍ട്രല്‍ ജയിലില്‍ മിസ തടവുകാരനായി. ജയിൽജീവിതത്തിനിടെയാണ് പിണറായി വിജയനുമായി അടുത്ത സൗഹൃദമുണ്ടായത്. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1980 മുതല്‍ 1982 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988 ൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയംഗമായി. 1990 മുതൽ 95 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. ഇത്രയും ചെറിയ പ്രായത്തിൽ മറ്റൊരു ജില്ലാ സെക്രട്ടറി മുൻപോ പിൻപോ ഉണ്ടായിട്ടില്ല.

കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കും പേരക്കുട്ടികൾക്കുമൊപ്പം. ചിത്രം :  മനോരമ
കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കും പേരക്കുട്ടികൾക്കുമൊപ്പം. ചിത്രം : മനോരമ

1995 ൽ കൊല്ലത്തു ചേർന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 2008 ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം മരണം വരെ പിബി അംഗമായി തുടർന്നു. 54-ാം വയസ്സിൽ പൊളിറ്റ് ബ്യൂറോയിലെത്തിയതും മറ്റൊരു റെക്കോർഡ്.

പിണറായി വിജയനു പിന്നാലെ, 2015 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2015 ഫെബ്രുവരി 23 നാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയായി ആദ്യം സ്ഥാനമേറ്റത്. 2018 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022 ൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലും വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍ സഭാ മെമ്പര്‍ തുടങ്ങിയ നിലകളില്‍ കൃഷിഅനുബന്ധ സംഘടനാരംഗത്തും കോടിയേരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അപ്പോളോ ആശുപത്രിയുടെ വാർത്താക്കുറിപ്പ്:

English Summary: CPM leader Kodiyeri Balakrishnan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com