ADVERTISEMENT

കോട്ടയം ∙ കണ്ണൂരിന്റെ രാഷ്ടീയക്കളരിയിലാണു കോടിയേരി ബാലകൃഷ്ണൻ പിച്ചവച്ചു തുടങ്ങിയത്. സ്കൂൾ പഠനകാലത്തു തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവ. ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോഴാണു കോടിയേരി കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും.

അടിയന്തരാവസ്ഥക്കാലത്ത് കോടിയേരി എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ തലശ്ശേരി ചെറക്കര വിദ്യാർഥികളെ വിളിച്ചുകൂട്ടി പ്രകടനം നടത്തി. അന്നു രാത്രി പൊലീസ് അറസ്റ്റു ചെയ്തു. തുടർന്ന് പൊലീസ് നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങേറി. നേതാക്കളും കൂടി ഇടപെട്ടതിനെത്തുടർന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സിഐആർ പ്രകാരം കേസ് ഫയൽ ചെയ്‌തു വിട്ടയച്ചു. പിന്നീട് രണ്ടു മാസം കഴിഞ്ഞ് മിസാ പ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ടു.

16 മാസം കഴിഞ്ഞ് അടിയന്തരാവസ്‌ഥ പിൻവലിച്ചതിനു ശേഷമാണ് ജയിൽ മോചിതനായത്. ഒരു മുഴുവൻസമയ രാഷ്ട്രീയക്കാരനാകണമെന്ന ചിന്ത കോടിയേരിയിൽ ശക്തമാക്കിയത് ഈ ജയിൽജീവിതമാണ്. അക്കാലത്തെ കോഴിക്കോട്ടെ നേതാക്കളായ വി.ദക്ഷിണാമൂർത്തി, വി.കെ.ഗോപാലൻ, കണ്ണൂരില്‍ നിന്ന് എം.വി.രാഘവൻ, പിണറായി വിജയൻ, ഇ.പി.കൃഷ്ണൻ നമ്പ്യാർ, ഒ.ഭരതൻ, ആർ.കൃഷ്ണൻ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലെത്തി. 

തോൽക്കാൻ മനസ്സില്ലാത്തവരായിരുന്നു അന്ന് ആ ജയിലറയിൽ. വൃത്തിയില്ലാത്ത ഭക്ഷണം നൽകിയും കിടക്കാൻ വിരിപ്പു നൽകാതെയും ഏറെ പീ‍‍ഡിപ്പിക്കാൻ നോക്കി. ഒടുവിൽ തടവുകാരെല്ലാം ജയിലിൽ നിരാഹാരമിരുന്നു. അഞ്ചു ദിവസത്തെ നിരാഹാരത്തിൽ ജയിൽ ജീവനക്കാർ മുട്ടുമടക്കി. തൽക്കാലം ഭക്ഷണം പാകം ചെയ്യാൻ സൗകര്യമൊരുക്കി. ഭക്ഷണ സാധനങ്ങൾ നൽകി. അഖിലേന്ത്യാ ലീഗിന്റെ നേതാക്കൾ, എം.പി.വീരേന്ദ്രകുമാർ, കെ.പി.മുഹമ്മദ്, എൻ.പി.അബു തുടങ്ങിയവരും അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട്  ജയിലിലെത്തിയിരുന്നു.

∙ പടിപടിയായി ഉയർന്ന രാഷ്ട്രീയജീവിതം

1970ൽ ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായി. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ മാഹി മഹാത്മാഗാന്ധി ഗവ. കോളജിൽ യൂണിയൻ ചെയർമാനായി. പിന്നീട് കെഎസ്എഫിന്റെ നേതൃനിരയിലേക്ക് ഉയർന്നു. 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ സെക്രട്ടറിയായി. അതേ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ ആ പദവിയിൽ തുടർന്നു. എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

1980 മുതൽ 1982 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1995 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1995ൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തി. 2002ൽ കേന്ദ്ര കമ്മിറ്റിയിലും 2008ൽ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലും എത്തി. 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണു കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയാവുന്നത്. 2018ല്‍ തൃശൂര്‍ സമ്മേളനത്തിലും 2022ല്‍ എറണാകുളം സമ്മളനത്തിലും ആ സ്ഥാനത്തു തുടർന്നു. തലശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിച്ച കോടിയേരി, വിഎസ് മന്ത്രിസഭയിൽ ആഭ്യന്തര–ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തു. 

∙ തലശ്ശേരിയുടെ സ്വന്തം എംഎൽഎ

തലശേരി മണ്ഡലത്തിൽനിന്നു കോടിയേരി അഞ്ചുതവണ എംഎൽഎയായി. ആദ്യമൽസരം ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരിക്കെ, 1982 ൽ. ആർഎസ്‌പി (എസ്)യിലെ കെ.സി.നന്ദനനെ 17,100 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1987ൽ കോൺഗ്രസിലെ കെ.സുധാകരനെ 5,368 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2001ലാണ് പിന്നീട് കോടിയേരി ബാലകൃഷ്‌ണൻ മൽസരിച്ചത്. അന്ന് കോൺഗ്രസിലെ സജീവ് മാറോളിയെ 7,043 വോട്ടിനാണ് തോൽപ്പിച്ചത്. കോടിയേരി മൂന്നു വർഷം നിയമസഭയുടെ പബ്ലിക് അക്കൗണ്ടന്റ് കമ്മിറ്റി ചെയർമാനായി.

ലൈബ്രറി ഹൗസ് കമ്മിറ്റികളിലും ജലസേചന, വൈദ്യുതി സബ്‌ജക്‌ട് കമ്മിറ്റിയിലും അംഗമായി. പ്രതിപക്ഷ ഉപനേതാവായിരിക്കെ, സഭയ്‌ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തിയ കോടിയേരി, 2006ൽ കോൺഗ്രസിന്റെ ഗ്ലാമർതാരം രാജ്‌മോഹൻ ഉണ്ണിത്താനെ പതിനായിരത്തിൽപരം വോട്ടുകൾക്ക് അടിയറവു പറയിച്ചാണ് നിയമസഭയിലെത്തിയതും ആഭ്യന്തര മന്ത്രിയായതും. 2011ൽ കോൺഗ്രസിന്റെ റിജിൽ മാക്കുറ്റിയായിരുന്നു എതിരാളി. 26,509 വോട്ടുകൾക്കായിരുന്നു കോടിയേരിയുടെ വിജയം.

English Summary: Kodiyeri Balakrishnan and Thalassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com