‘ദൃശ്യം’ മോഡലും കുറ്റവാളിയെ രക്ഷിക്കില്ല; ഇത് സിനിമയല്ല: സിഐ പറയുന്നു
Mail This Article
ദൃശ്യം സിനിമയ്ക്ക് മുൻപും പിൻപും കൊന്നു കുഴിച്ചുമൂടിയ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ദൃശ്യം സിനിമയ്ക്ക് ശേഷമാണ് ഇത്തരം കൊലപാതകങ്ങൾ കൂടുതൽ പ്രചാരം നേടിയത്. ആളിനെ വകവരുത്തി മൃതദേഹം തെളിവില്ലാത്ത വിധം ഒളിപ്പിക്കുക. മറ്റ് അവശിഷ്ടങ്ങൾ എല്ലാം ഇല്ലാതാക്കുക എന്നീ രിതികൾ അവലംബിക്കുന്ന കൊലപാതകങ്ങൾ സിനിമയ്ക്കു ശേഷം കൂടുതലായി കണ്ടു വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലപ്പുഴയിൽനിന്നു കാണാതായ യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി പൂവത്ത് എസി കോളനിയിൽ മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസമാണു ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷമാണ് മുത്തുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു.
അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റിട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നലെ തറ പൊളിച്ച് മൃതദേഹം കണ്ടെത്തി. തറ നിരപ്പിൽനിന്നു രണ്ടടി താഴ്ചയിലായിരുന്നു കുഴി. സമാനമായ രീതിയിൽ കൊന്നു കുഴിച്ചുമൂടിയ കേസുകൾ കേരളത്തിലുണ്ടായിട്ടുണ്ട്. അത്തരം കേസുകളെല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ദൃശ്യം മോഡൽ കൊലപാതകത്തെക്കുറിച്ച് കേസന്വേഷണത്തിൽ പങ്കാളിയായ ആലപ്പുഴ നോർത്ത് സിഐ എം.കെ.രാജേഷ് പറയുന്നതിങ്ങനെ:
‘ദൃശ്യം മോഡൽ കൊലപാതകം നടത്തുന്നവരുടെ വിചാരം അതു തെളിയിക്കപ്പെടില്ല എന്നാണ്. എന്നാൽ അതു സിനിമയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. സിനിമയിൽ കൊലപാതകം ഒളിപ്പിക്കുന്നതു മോഹൻലാൽ ആയതു കൊണ്ടാണ് രക്ഷപ്പെട്ടത്. മറിച്ചൊന്നു ചിന്തിച്ച് നോക്കൂ, സിനിമയിൽ മോഹൻലാലാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കിൽ ഉറപ്പായും ആ കൊലപാതകം തെളിയിക്കില്ലേ? സിനിമ കണ്ടിട്ട് അതുപോലെ അനുകരിക്കുന്നതു മണ്ടത്തരമാണ്. യഥാർഥ ജീവിതത്തിൽ ഇത്തരം കൊലപാതകങ്ങൾ തെളിയിക്കാൻ പൊലീസിനു കൃത്യമായ രീതികളുണ്ട്.
ശാസ്ത്രീയമായ തെളിവുകളിലുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസിനു സാധിക്കും. ഒരു അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ദൃശ്യം എനിക്കത്ര സംഭവമായിട്ടു തോന്നിയില്ല. കേസിന്റെ ആദ്യ പകുതിയിൽ തന്നെ തെളിയിക്കാനുള്ള ലൂപ്ഹോൾസ് ഇഷ്ടം പോലെയുണ്ട്. ജോർജ്കുട്ടി യഥാർഥ പൊലീസിന്റെ മുന്നിലാണ് എത്തുന്നതെങ്കിൽ തീർച്ചയായും ആ കേസ് തെളിയിക്കപ്പെടും. അതിനുദാഹരണമാണല്ലോ ദൃശ്യം മോഡലിൽ നടത്തിയ എല്ലാ കേസുകളും തെളിയിച്ചത്’ – സിഐ എം.കെ.രാജേഷ് പറഞ്ഞു.
English Summary: Drishyam film model murders and their investigation