ADVERTISEMENT

ചെന്നൈ∙ മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ഐടി പ്രഫഷനലുകളില്‍ മൂന്നു മലയാളികളടക്കം ആറു പേര്‍ പൊലീസ് പിടിയില്‍. സായുധ സംഘം ഇവരെ മ്യാവഡിയെന്ന സ്ഥലത്തിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വീസയില്ലാത്തതിനാല്‍ ഇവരെ മ്യാന്‍മര്‍ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വിവരമറിഞ്ഞ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടങ്ങി.

ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ് തിരുവനന്തപുരം വര്‍ക്കല താന്നിക്കൂട് സ്വദേശി നിധീഷ് ബാബു, മൂന്നു തമിഴ്നാട്ടുകാര്‍ എന്നിവരെയാണു സായുധ സംഘം മ്യാവഡിക്കു സമീപമുള്ള പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. ഫോണും സകല രേഖകളും പിടിച്ചെടുത്തതിനുശേഷമാണു സ്റ്റേഷനു മുന്നില്‍ ഇറക്കിവട്ടത്. പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടു നാടും പേരുവിവരങ്ങളും സ്ഥിരീകരിച്ചു. വീസയില്ലാത്തതിനാല്‍ അനധികൃതമായി രാജ്യത്തു കടന്നവരായി കണക്കാക്കി അറസ്റ്റ് ചെയ്തു മൂന്നാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്യുമെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കുടുംബങ്ങളെ അറിയിച്ചു. ഡേറ്റ എന്‍ട്രി ജോലിക്കായി ഓഗസ്റ്റ് രണ്ടിനാണു സിനാജും ഇജാസും നിധീഷും തായ്‌ലൻഡിലേക്കു പോയത്. 

വിമാനമിറങ്ങിയ ഉടനെ ഇവരെ സായുധ സംഘം തടവിലാക്കി മ്യാന്‍മറിലെ മ്യാവഡിയെന്ന സ്ഥലത്തേക്കു തട്ടിക്കൊണ്ടുപോയി. ഇക്കാര്യം മനോരമ ന്യൂസ് പുറത്തുവിട്ടതിനു പിറകെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും മ്യാന്‍മര്‍ സര്‍ക്കാരിനു നിയന്ത്രണമില്ലാത്ത വിമതമേഖലയിലായതിനാല്‍ കാര്യമായി മുന്നോട്ടുപോയിരുന്നില്ല. നയതന്ത്ര തലത്തില്‍ ഇടപെടലുണ്ടായാല്‍ ഇവര്‍ക്ക് ഉടന്‍ നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കുടുംബങ്ങള്‍. അതേസമയം, ഇനിയും നിരവധി മലയാളികള്‍ സായുധ സംഘത്തിന്റെ തടങ്കലില്‍ ഉണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയിലാണ്.

English Summary: Six people inculding three Malayalees are in Myanmar police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com