ADVERTISEMENT

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയിൽ അടുത്ത വർഷം മുതൽ വനിതകളെയും ഉൾപ്പെടുത്തമെന്നു വ്യോമസേന. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി പറഞ്ഞു. വ്യോമസേനാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘വനിതാ അഗ്നിവീറുകളെ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നത് വെല്ലുവിളിയാണ്. എന്നാൽ, ഇന്ത്യയുടെ യുദ്ധവീര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. ശരിയായ കഴിവും അറിവുമുള്ള സൈനികരായി അഗ്നിവീരരെ വാർത്തെടുക്കാൻ ഞങ്ങൾ പരിശീലന പദ്ധതി പുതുക്കിയിട്ടുണ്ട്. ഡിസംബറിൽ 3,000 അഗ്നിവീർ അംഗങ്ങളെ സേനയിൽ ഉൾപ്പെടുത്തും.

മതിയായ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനായി വരുംവർഷങ്ങളിൽ ഈ സംഖ്യ ഉയർത്തും. അടുത്ത വർഷം തന്നെ വനിതാ അഗ്നിവീറുകളെയും സേനയുടെ ഭാഗമാക്കും. ഇതിനുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ പുരോഗമിക്കുകയാണ്’’–  എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി പറഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി വ്യോമസേനയിൽ ആയുധങ്ങളുമായി ബന്ധപ്പെട്ട ‘വെപ്പൺ സിസ്റ്റം ബ്രാഞ്ച്’ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമസേനയ്ക്ക് അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. ചെലവിനത്തിൽനിന്ന് 3,400 കോടി രൂപ ലാഭിക്കാനാകും.

കര, കടൽ, ആകാശം എന്നീ പരമ്പരാഗത മേഖലകൾക്കപ്പുറം സ്പേസ്, സൈബർ എന്നിവിടങ്ങളിൽനിന്നും വെല്ലുവിളിയുള്ള കാലമാണിത്. ഇന്നലെയുടെ മനോഭാവവുമായി നാളെയുടെ സംഘർഷങ്ങളെ നേരിടാനാവില്ല. ആയുധങ്ങളും യുദ്ധമുറകളും സമയോചിതമായി പുതുക്കണമെന്നും വ്യോമസേനാ മേധാവി അഭിപ്രായപ്പെട്ടു.

English Summary: Weapon system branch, women Agniveers from next year: IAF chief's announcements on Air Force Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com