‘മുഖ്യമന്ത്രി പറയുന്നത് അനുസരിച്ചാണ് മന്ത്രിയെ നിയമിക്കുന്നത്; ഗവർണർക്ക് അധികാരമില്ല’
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരെ മാറ്റാൻ ഗവർണർക്ക് അധികാരമില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി. ഇക്കാര്യം ഭരണഘടനയിൽ വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി പറയുമ്പോഴാണ് ഒരു മന്ത്രിയെ നിയമിക്കുന്നത്. അതുപോലെ തന്നെ മന്ത്രിസഭയിൽനിന്ന് ഒരാളെ നീക്കണമെങ്കിലും മുഖ്യമന്ത്രി പറയണം. ഗവർണർക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം ഭരണഘടന നൽകുന്നില്ല. മന്ത്രിസഭയുടെ നിർദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും പി.ഡി.ടി ആചാരി പറഞ്ഞു.
ഗവർണർ പദവിയുടെ അന്തസ് കെടുത്തുന്ന രീതിയിൽ സംസാരിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്.
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറാകാത്തതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല. മന്ത്രിമാർ വന്ന് വിശദീകരിച്ചശേഷം തീരുമാനമെടുക്കാമെന്നാണ് ഗവർണറുടെ നിലപാട്.
English Summary: Governor Has No Constitutional Right to Expell a Minister, Says PDT Achary