വിവാഹിതനൊപ്പം ഒളിച്ചോടി; താലിബാൻ കല്ലെറിഞ്ഞു കൊല്ലും മുൻപ് തൂങ്ങിമരിച്ച് യുവതി
Mail This Article
കാബുൾ∙ വീടുവിട്ടു പോയതിന് അഫ്ഗാനിസ്ഥാനിൽ താലിബാൻ സൈന്യം കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ച സ്ത്രീ ആത്മഹത്യ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ താലിബാൻ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് സ്ത്രീ തൂങ്ങി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ത്രീകൾക്ക് ജയിൽ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചതെന്ന് ഗൊർ പ്രവിശ്യയിലെ താലിബാൻ പൊലീസ് മേധാവി അബ്ദുൽ റഹ്മാൻ പറഞ്ഞു. വിവാഹിതനെ വ്യാഴാഴ്ച വധിച്ചുവെന്നും അധികൃതർ അറിയിച്ചു. വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാർ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സ്ത്രീകൾക്കുമേൽ കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നത് താലിബാൻ തുടരുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചത്. ഇതോടെ സ്ത്രീകൾക്ക് പലയിടത്തും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ആറാം ക്ലാസിന് മുകളിലേക്ക് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനാകില്ല. ജോലി സ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കി.
താലിബാൻ അധികാരത്തിൽ എത്തിയ ശേഷം 80 ശതമാനം സ്ത്രീകൾക്കും മാധ്യമ സ്ഥാപനങ്ങളിലെ ജോലി നഷ്ടമായി. 18 മില്യൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും അനാരോഗ്യം നേരിടുകയുമാണ്. താലിബാൻ അധികാരത്തിൽ വന്നശേഷം യുണൈറ്റഡ് നേഷൻസ് അസിസ്റ്റന്റ് മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ (യുഎൻഎഎംഎ) പുറത്തിറക്കിയ റിപ്പോട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
English Summary: Woman commits suicide before Taliban stones her to death