മന്ത്രിമാർ സിപിഐ ദേശീയ കൗൺസിലിലേക്ക്; വി.എസ്.സുനിൽകുമാറിനെ ‘വെട്ടിനിരത്തി’
Mail This Article
വിജയവാഡ∙ മന്ത്രിമാർ ഉൾപ്പെടെ സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങൾ. മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ്, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കൺട്രോൾ കമ്മിഷൻ അംഗമായി സത്യൻ മൊകേരിയും എത്തും.
പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ ഒഴിവായി. കെ.ഇ.ഇസ്മയിലും ദേശീയ കൗണ്‍സില്‍നിന്ന് പുറത്തായി. മുൻമന്ത്രി വി.എസ്.സുനിൽകുമാർ ദേശീയ കൗൺസിലിൽ എത്തുന്നത് സംസ്ഥാന നേതൃത്വം തടഞ്ഞു. സുനിൽകുമാറിന്റെ പേര് ടി.ആർ. രമേശ്കുമാർ നിർദേശിച്ചെങ്കിൽ നേതൃത്വം പിന്തുണച്ചില്ല. കെ.ഇ. ഇസ്‌മയിൽ പക്ഷത്തെ പ്രധാനിയാണ് വി.എസ്.സുനിൽകുമാർ.
സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജയെ തന്നെ വിജയവാഡയിൽ നടക്കുന്ന 24–ാം പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തേക്കും. രാജയെ ഉന്നമിട്ട് പൊതുചർച്ചയിൽ കേരളഘടകം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും നേതൃമാറ്റം ഉണ്ടാകാനിടയില്ല. രാജയ്‌ക്കെതിരെ ദേശീയ കൗൺസിലിൽ വിയോജിപ്പുണ്ടായാൽ അതുൽ കുമാർ അൻജാനോ അമർജിത് കൗറോ ജനറൽ സെക്രട്ടറിയാകാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല.
English Summary: New Members to CPI National Council