ADVERTISEMENT

ന്യൂഡൽഹി∙ ഭീകരരായ ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സയീദിനെയും ഇന്ത്യയ്ക്കു കൈമാറുമോ? ചോദ്യം കടുപ്പമാണെന്നു മനസ്സിലായതോടെ ഒന്നും ഉരിയാടാതെ തടിതപ്പി പാക്കിസ്ഥാന്റെ ഉന്നത അന്വേഷണ ഏജൻസി തലവൻ. പാക്ക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഡയറക്ടർ ജനറൽ മൊഹ്‌സിൻ ഭട്ട് ആണു നിർണായക ചോദ്യത്തോടു പ്രതികരിക്കാതിരുന്നത്. ഇതിന്റെ വിഡിയോ വൈറലാണ്.

ഡൽഹിയിൽ, രാജ്യാന്തര അന്വേഷണ ഏജൻസി കൂട്ടായ്മയായ ഇന്റർപോളിന്റെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായാണു മൊഹ്സിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം എത്തിയത്. ഇന്ത്യ തേടുന്ന ഭീകരരിൽ ഉൾപ്പെട്ടവരാണു ദാവൂദും സയീദും. ഇരുവരും പാക്കിസ്ഥാനിലുണ്ടെന്നാണു റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ, വാർത്താ ഏജൻസിയായ എഎൻഐയുടെ പ്രതിനിധിയുടെ ചോദ്യത്തോടാണു മൊഹ്സിൻ മൗനം പാലിച്ചത്. ഇന്ത്യ – പാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുമ്പോഴാണു പാക്ക് സംഘം ഡൽഹിയിൽ എത്തിയതെന്നതു ശ്രദ്ധേയമാണ്.

ദാവൂദിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേൽ (ജാവേദ് ചിക്ന), ടൈഗർ മേമൻ (ഇബ്രാഹിം മുഷ്താഖ് അബ്ദുൽ റസാഖ് മേമന്‍) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവും ഛോട്ടാ ഷക്കീലിനെപ്പറ്റി (ഷക്കീൽ ഷെയ്ഖ്) വിവരം നൽകിയാൽ 20 ലക്ഷവുമാണു പാരിതോഷികം.

1993ലെ മുംബൈ സ്‌ഫോടന പരമ്പര ഉൾപ്പെടെ, ഇന്ത്യയിലെ ഒന്നിലധികം ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദിന്റെ തലയ്ക്ക് 2003ൽ യുഎൻ സുരക്ഷാ കൗൺസിൽ 25 ദശലക്ഷം ഡോളർ വിലയിട്ടിരുന്നു. ലഷ്‌കറെ തയിബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൽ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, അടുത്ത സഹായി അബ്ദുൽ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദിന്റെ തലയ്ക്കും വിലയിട്ടത്.

വർഷത്തിലൊരിക്കലാണ് ഇന്റർപോൾ പൊതുസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. 195 അംഗ രാജ്യങ്ങളിലെ മന്ത്രിമാരും പൊലീസ് മേധാവികളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലവന്മാരുമാണു പങ്കെടുക്കുന്നത്. നാലു ദിവസത്തെ സമ്മേളനം 21നു സമാപിക്കും. 25 വർഷത്തിനു ശേഷമാണ് ഇന്റർപോൾ സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.

English Summary: "Will You Hand Over Dawood Ibrahim To India?" Pak Asked At Interpol Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com