ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥതയുടെ യശസ്സ് ഉയര്‍ത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കഞ്ചാവ് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുറ്റംസമ്മതിപ്പിക്കുകയായിരുന്നെന്ന്  ജിതിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എകെജി സെന്‍റര്‍ ആക്രമിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ സമൂഹത്തില്‍ പരിഹാസ്യമായി നിന്നിരുന്ന പൊലീസിന് സിപിഎം നല്‍കിയ നിർദേശം ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പ്രതിചേര്‍ക്കണമെന്നാണ്. അത് അവര്‍ കൃത്യമായി ചെയ്തു. അതിന്‍റെ നാടകാന്തമായിരുന്നു ജിതിന്‍റെ അറസ്റ്റില്‍ കലാശിച്ചതെന്ന് സുധാകരൻ പറഞ്ഞു.

അക്രമി സ‍ഞ്ചരിച്ച സ്കൂട്ടറിന്‍റെ റജിസ്ട്രേഷന്‍ നമ്പര്‍ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇൗ വൈരുദ്ധ്യം കോടതിക്കും മനസിലായി. പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷം തെളിവുകളും ഉപകഥകളും പൊലീസ് ബുദ്ധിയില്‍ തയാറാക്കുകയായിരുന്നു. ഇൗ കേസുമായി ബന്ധപ്പെട്ട് യഥാര്‍ഥ പ്രതി ഇപ്പോഴും നിയമത്തിന്‍റെ കാണാമറയത്ത് സിപിഎമ്മിന്‍റെ സംരക്ഷണയില്‍ കഴിയുകയാണ്. അവരെ കണ്ടെത്താതെ നിരപരാധികളെ പ്രതിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇത് കുറ്റകരമായ കൃത്യവിലോപമാണ്.

സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള കൃത്യമായ നിർദേശം അനുസരിച്ചാണ് ക്രൈംബ്രാഞ്ച് ഈ അന്വേഷണം നടത്തിയത്. പടക്കമേറിന്‍റെ യഥാർഥ സൂത്രധാരന്‍മാര്‍ എകെജി സെന്‍ററില്‍ ഇരുന്ന് കേസ് അന്വേഷണത്തെ നിയന്ത്രിക്കുകയാണ്. ഇൗ സംഭവം നടക്കുന്നതിന് മുന്‍പും അതിനു ശേഷവുമുള്ള സിപിഎം നേതാക്കളുടെ മൊബൈൽ ഫോണുകള്‍ പരിശോധിച്ചാല്‍ പ്രതികളെ കണ്ടെത്താവുന്നതേയുള്ളൂ. അതിനുള്ള നട്ടെല്ലും ചങ്കുറപ്പും പൊലീസിനില്ല. കള്ളക്കേസിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഇട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കെപിസിസി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran on AKG Centre attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com