ADVERTISEMENT

ഉരുക്കുവനിത മാർഗരറ്റ് താച്ചറുടെ പുതുപതിപ്പായിരുന്നു ലക്ഷ്യം; പക്ഷേ, അധികാരമേറ്റ് 45–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രിപദവി രാജിവച്ച് ലിസ് ട്രസ് അടിയറവ് പറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം ലിസ് താരതമ്യം ചെയ്യപ്പെടാൻ ആഗ്രഹിച്ചതു മാർഗരറ്റ് താച്ചറുമായാണ്. കരുത്തിന്റെ പ്രതിരൂപമായി ബ്രിട്ടനെ നയിച്ച താച്ചറുടെ പകർപ്പാകാനും കൊതിച്ചു. എന്നാൽ, അസ്വസ്ഥമായ ബ്രിട്ടിഷ് രാഷ്ട്രീയത്തെ കലക്കിമറിക്കാനേ ലിസ് ട്രസിനു സാധിച്ചുള്ളൂ. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ലിസ് കാവൽ പ്രധാനമന്ത്രിയായി തുടരും.

ബ്രിട്ടന്റെ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ഇത്രയേറെ അപഹസിക്കപ്പെട്ട മറ്റൊരു നേതാവില്ല. ലിസ് എന്നു രാജിവയ്ക്കുമെന്നതായിരുന്നു ബ്രിട്ടനിലെ പ്രധാനചർച്ച. ഫ്രിജിനു പുറത്തുള്ള പച്ചക്കറിയുടെയും ലിസ് ട്രസിന്റെയും ചിത്രം കാണിച്ചശേഷം ആരാണ് കൂടുതൽ പിടിച്ചുനിൽക്കുക എന്ന ചോദ്യത്തോടെ ഒരു ബ്രിട്ടിഷ് ദിനപത്രം ഓൺലൈൻ വോട്ടെടുപ്പു വരെ നടത്തി. ഫലം വന്നപ്പോൾ പച്ചക്കറിക്കായിരുന്നു വിജയം. ബുക്കർ സമ്മാനം പ്രഖ്യാപിക്കുന്ന ദിവസം ട്വിറ്ററിൽ നടന്ന മറ്റൊരു വോട്ടെടുപ്പ്, ബുക്കർ സമ്മാനപ്രഖ്യാപനമാണോ ലിസിന്റെ രാജിയാണോ ആദ്യം ഉണ്ടാകുക എന്നതായിരുന്നു. 

തോറ്റുപിൻമാറുന്ന കൂട്ടത്തിലല്ല താൻ എന്ന് പാർലമെന്റിലെ പ്രതിഷേധങ്ങൾക്കിടെ പ്രഖ്യാപിച്ചെങ്കിലും 24 മണിക്കൂർ കഴിയും മുൻപേ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ എത്തി രാജിവയ്ക്കുന്നതായി ലിസ് പ്രഖ്യാപിച്ചു. രാജ്ഞിയുടെ മരണവും ദുഃഖാചരണവും സംസ്കാരവും കഴിഞ്ഞ് ഓഫിസിലെത്തിയ ലിസ് ട്രസിന് കസേരയിൽ സമാധാനത്തോടെ ഇരിക്കാനായതേയില്ല. കനത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും രാജ്യാന്തര പ്രതിസന്ധിക്കിടയിലും അധികാരമേറ്റ തനിക്കു പാർട്ടിയോടും ജനത്തോടുമുള്ള ബാധ്യത നിറവേറ്റാനാകാത്ത സാഹചര്യത്തിലാണു രാജിയെന്നാണ് ലിസിന്റെ വിശദീകരണം. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു.

തെക്കുപടിഞ്ഞാറൻ ലണ്ടനിലെ സന്ദർശനത്തിനിടെ ഇംഗ്ലണ്ട് വനിത ഫുട്ബോൾ ടീം അംഗങ്ങളുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ട ലിസ് ട്രസ്. ജൂലൈയിലെ യൂറോ 2022 വിജയികളായ ടീമിനെ അഭിനന്ദിക്കാൻ കൂടിയാണ് ലിസ് എത്തിയത്. Photo by Stefan Rousseau / POOL / AFP

രണ്ടാഴ്ചയ്ക്കിടെ മന്ത്രിസഭയിലെ പ്രധാനികളായ ചാൻസലർ ക്വാസി ക്വാർട്ടെങ്ങിന്റെയും ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്റെയും രാജിയിലേക്കു നയിച്ച കാരണങ്ങളാണ് പ്രധാനമന്ത്രിയുടെ പതനത്തിനും വഴിമരുന്നിട്ടത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്വാസി ക്വാർട്ടെങ് അവതരിപ്പിച്ച ഇടക്കാല ബജറ്റ്, നേട്ടങ്ങളേക്കാൾ സമ്മാനിച്ചതു പ്രതിസന്ധികളാണ്. നികുതിയിളവുകളും എനർജി ക്യാപ്പും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വിപണിയെ തളർത്തി. പലിശനിരക്കു ക്രമാതീതമായി ഉയർന്നു. പ്രഖ്യാപനങ്ങൾ തിരിച്ചടിയായതോടെ ചാൻസലറുടെ രാജി ചോദിച്ചു വാങ്ങാൻ പ്രധാനമന്ത്രി നിർബന്ധിതയായിരുന്നു.

∙ വൈവിധ്യങ്ങളുടെ മന്ത്രിസഭ

സുപ്രധാനമായ 3 വകുപ്പുകളിലും വെള്ളക്കാരായ പുരുഷന്മാരില്ലാതെയായിരുന്നു ലിസ് ട്രസിന്റെ മന്ത്രിസഭ. ആഫ്രിക്കൻ വേരുകളുള്ള ആദ്യ ധനമന്ത്രിയായി ക്വാസി ക്വാർടെങ്, വിദേശകാര്യമന്ത്രിയായി ജയിംസ് ക്ലവർലി, ആഭ്യന്തര മന്ത്രിയായി കെനിയൻ, തമിഴ് വേരുകളുള്ള സുവെല്ല ബ്രേവർമാൻ എന്നിവരെയാണു നിയമിച്ചത്. വംശീയ വൈവിധ്യം പ്രകടമാക്കുന്ന നേതൃനിരയെ മുന്നോട്ടു വയ്ക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നയമാറ്റത്തിന്റെ ഭാഗമായിരുന്നു ഇത്. 2002 ലാണു ബ്രിട്ടനിൽ ആദ്യമായി വംശീയ ന്യൂനപക്ഷത്തിൽനിന്നുള്ള ഒരാൾ മന്ത്രിയായത്. ഇന്ത്യൻ വംശജനായ ഋഷി സുനകാണു ക്വാർടെങ്ങിന്റെ മുൻഗാമി. സുവെല്ലയുടെ മുൻഗാമിയായ പ്രീതി പട്ടേലും ഇന്ത്യൻ വംശജയാണ്.

പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്കു പാർലമെന്റിൽ മറുപടി പറയുന്ന ലിസ് ട്രസ്. ഒക്ടോബർ 12ലെ ചിത്രം. Photo by JESSICA TAYLOR / UK PARLIAMENT / AFP
പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്കു പാർലമെന്റിൽ മറുപടി പറയുന്ന ലിസ് ട്രസ്. ഒക്ടോബർ 12ലെ ചിത്രം. Photo by JESSICA TAYLOR / UK PARLIAMENT / AFP

ഇതൊന്നും പക്ഷേ ഭരണചക്രം മുന്നോട്ടു തിരിക്കാൻ ലിസിനെ സഹായിച്ചില്ല. തനിക്ക് തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് പരസ്യമായി അഭ്യർഥിച്ചു. ജെറമി ഹണ്ടിനെ ചാൻസലറാക്കി ഒരുവിധം പിടിച്ചുനിൽക്കാൻ ശ്രമിക്കവേയാണു വിശ്വസ്തയായ ഹോം സെക്രട്ടറിക്കും പണി തെറിച്ചത്. ഇതിനിടെ അൻപതോളം ടോറി എംപിമാർ പരസ്യമായി എതിർപ്പറിയിച്ച് രംഗത്തെത്തി. സാമ്പത്തിക രംഗത്തെ വൻ നികുതിയിളവ് ഉൾപ്പെടെയുള്ള മണ്ടൻ പരിഷ്കാരങ്ങളാണ് ചാൻസലറുടെ കസേര ഒരാഴ്ചയ്ക്കുള്ളിൽ തെറിക്കാൻ ഇടയാക്കിയതെങ്കിൽ സ്വകാര്യ ഇ-മെയിൽ വിലാസത്തിൽനിന്ന് സഹപ്രവർത്തകരായ എംപിമാർക്ക് സർക്കാർ രേഖകൾ അയച്ചതാണ് സുവെല്ലയ്ക്കു വിനയായത്.

കൺസർവേറ്റീവ് പാർട്ടിയുടെ യോഗത്തിന് എത്തിയ ലിസ് ട്രസ് പ്രവർത്തകർക്കും ചാൻസലർക്കും ഒപ്പം. Photo by Geoff Caddick / AFP
കൺസർവേറ്റീവ് പാർട്ടിയുടെ യോഗത്തിന് എത്തിയ ലിസ് ട്രസ് പ്രവർത്തകർക്കും ചാൻസലർക്കും ഒപ്പം. Photo by Geoff Caddick / AFP

സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ ചില രഹസ്യരേഖകൾ പഴ്സനൽ ഇ-മെയിലിലൂടെ ചില പാർലമെന്റ് അംഗങ്ങൾക്ക് സുവെല്ല അയച്ചിരുന്നു. ഭരണപരമായ കാര്യങ്ങളിൽ സാങ്കേതികമായി വരുത്തിയ ഈ പിഴവാണ് ഹോം സെക്രട്ടറിയുടെ കസേര ഇളക്കിയത്. വീസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനിൽ തുടരുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന സുവെല്ലയുടെ പരാമർശവും വിമർശനങ്ങൾക്ക് വഴിവച്ചു. ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാവിപോലും അനിശ്ചിതത്വത്തിലാക്കുന്നതായി ആ പ്രസ്താവന. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നതായിരുന്നു സുവെല്ലയുടെ നിലപാട്.

∙ ‘പാൽക്കട്ടിയിലെ നാണക്കേട്’

നഴ്സായ പ്രിസില്ല മേരി ട്രസിന്റെയും ഗണിത പ്രഫസറായിരുന്ന ജോൺ കെന്നത്തിന്റെയും മകളായി 1975 ജൂലൈ 26ന് ബ്രിട്ടനിലെ ഓക്സ്ഫഡിലാണു ലിസ് ട്രസിന്റെ ജനനം. ആക്ടിവിസ്റ്റ് കൂടിയായിരുന്ന അമ്മയ്ക്കൊപ്പം ആണവനിർവ്യാപന ക്യാംപെയ്നുകളിൽ ലിസും പങ്കെടുത്തു. അങ്ങനെ, രാഷ്ട്രീയചിന്തകളും ഇടപെടലുകളും സമൃദ്ധമായ ബാല്യകൗമാരങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിലെ പഠനകാലത്തു രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. ലിബറൽ ഡമോക്രാറ്റ് പാർട്ടിക്കൊപ്പമായിരുന്നു അന്ന്.

കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിൽ പ്രസംഗിക്കുന്ന ലിസ് ട്രസ്. താൻ വാഗ്ദാനം ചെയ്ത സാമ്പത്തിക പരിഷ്കാരങ്ങൾക്കു പാർട്ടിയിൽനിന്നു പിന്തുണ കിട്ടുമെന്നു പ്രധാനമന്ത്രിയായിരുന്ന ലിസ് പ്രതീക്ഷിച്ചെങ്കിലും ഏവരും കയ്യൊഴിഞ്ഞു. Photo by Paul ELLIS / AFP

രാഷ്ട്രീയത്തിലെ ഉജ്വലപ്രവേശം 1994ൽ ആയിരുന്നു. ലിബറൽ ഡമോക്രാറ്റ് പാർട്ടി സമ്മേളനത്തിൽ രാജഭരണം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെ പിന്താങ്ങി പത്തൊൻപതുവയസ്സുകാരി ലിസ് പ്രസംഗിച്ചു. പിന്നീടു കൺസർവേറ്റിവ് പാർട്ടിയിൽ ചേർന്നു. അതിനിടെ അക്കൗണ്ടന്റ് ആയി യോഗ്യത നേടി. അക്കൗണ്ടന്റായി ജോലിചെയ്യുന്ന കാലത്തെ സഹപ്രവർത്തകൻ ഹ്യൂ ഒലിയറിയുമായി 2000ൽ ആയിരുന്നു വിവാഹം. രണ്ടു മക്കളുടെ അമ്മയായതിനൊപ്പം കരിയറിലും അവർ ഉയർന്നു.

എലിസബത്ത് രാജ്ഞിയുമായി ലിസ് ട്രസ് കൂടിക്കാഴ്ച നടത്തിയപ്പോൾ. (Photo by Jane Barlow / POOL / AFP)
എലിസബത്ത് രാജ്ഞിയുമായി ലിസ് ട്രസ് കൂടിക്കാഴ്ച നടത്തിയപ്പോൾ. (Photo by Jane Barlow / POOL / AFP)

റിഫോം എന്ന തിങ്ക്ടാങ്കിന്റെ ഡപ്യൂട്ടി ഡയറക്ടറായത് 2008ൽ. അക്കാലത്തെ സർക്കാർ സാമ്പത്തികനയ പഠനറിപ്പോർട്ടുകൾ ശ്രദ്ധ നേടിയിരുന്നു. 2010ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽനിന്നുള്ള എംപിയായി. 2012ൽ കൺസർവേറ്റിവ് – ലിബറൽ ഡമോക്രാറ്റിക് സഖ്യസർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി. പരിസ്ഥിതി മന്ത്രിയായിരിക്കെ 2014ൽ നടത്തിയ ‘ചീസ്’ പ്രസംഗം ചർച്ച ചെയ്യപ്പെട്ടു. ബ്രിട്ടിഷുകാർ അകത്താക്കുന്ന പാൽക്കട്ടിയിൽ മൂന്നിൽ രണ്ടുഭാഗവും ഇറക്കുമതി ചെയ്യുന്നതാണെന്ന കാര്യം എന്തൊരു നാണക്കേടാണെന്നു പറയുന്ന വികാരതീവ്ര പ്രസംഗമായിരുന്നു അത്.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ബക്കിങാം കൊട്ടാരത്തിലെത്തിയ ലിസ് ട്രസിനെ സ്വീകരിക്കുന്ന ചാൾസ് രാജാവ്. രാജ്ഞിയുടെ മരണവും സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ കഴിഞ്ഞ് സ്വസ്ഥമായി ഭരിക്കാൻ അവസരം കിട്ടും മുൻപാണു ലിസ് പദവി വിട്ടൊഴിഞ്ഞത്. Photo by Kirsty O'Connor / POOL / AFP

ബ്രെക്സിറ്റ് വിവാദകാലത്ത്, യൂറോപ്യൻ യൂണിയൻ വിടേണ്ടെന്നു വാദിച്ച് 2016 മേയ് 15നു സൺ പത്രത്തിൽ ലേഖനമെഴുതി. തെരേസ മേ സർക്കാരിന്റെ ഭാഗമായിരിക്കെ 2017ൽ വിവരം ചോർത്തൽ വിവാദങ്ങളെത്തുടർന്ന് ലിസ് പുറത്താക്കപ്പെട്ടു. തുടർന്നു ട്രഷറി ചീഫ് സെക്രട്ടറിയായി തരംതാഴ്ത്തി. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായതോടെ ലിസിന്റെ തിരിച്ചുവരവായി. 2021 സെപ്റ്റംബറിൽ ജോൺസൺ അവരെ വിദേശകാര്യ മന്ത്രിയാക്കി.

ബെർമിങ്ങാമിൽ കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളന വേദിക്കു മുന്നിൽ സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്നവർ. ലിസ് ട്രസിന്റെ സാമ്പത്തിക പരിഷ്കാരങ്ങളാണു പ്രതിഷേധം ശക്തമാക്കിയത്. Photo by Oli SCARFF / AFP

ബ്രെക്സിറ്റ് വേണോ വേണ്ടയോ എന്ന വിവാദം കത്തുന്ന കാലത്ത് ബ്രെക്സിറ്റ് വിരുദ്ധയായിരുന്നു അവർ. ബ്രെക്സിറ്റ് നടപ്പായപ്പോൾ ഒഴുക്കിനൊത്തെന്നപോലെ അതിനൊപ്പം ചേർന്നു. ബോറിസ് ജോൺസനെ ഉറ്റസുഹൃത്തും വഴികാട്ടിയുമായാണു ലിസ് കരുതുന്നത്. വിവാദങ്ങളിൽപെട്ടു സ്ഥാനമൊഴിയേണ്ടി വന്ന ജോൺസണു പിൻഗാമിയായാണ് ലിസ് പ്രധാനമന്ത്രിയായത്. ഇരിപ്പുറയ്ക്കും മുൻപേ കസേര ഉപേക്ഷിച്ച് ജോൺസനെ പോലെ അധികാരത്തിന്റെ ഇടനാഴിക്കു ലിസും പുറത്തായിരിക്കുന്നു.

∙ തല മാറട്ടെ, മാറി!

നിന്നുതിരിയുന്ന നേരം കൊണ്ട് സർക്കാർ മാറിമറിയുന്ന രാഷ്ട്രീയ സംസ്കാരത്തിലേക്ക് ബ്രിട്ടനും എത്തിച്ചേർന്നിരിക്കുന്നു. തല മാറട്ടെ എന്നു പറയുമ്പോഴേക്കും പ്രധാനമന്ത്രി മാറുന്ന രാജ്യമെന്ന വിശേഷണം യൂറോപ്പിൽ ഉണ്ടായിരുന്നത് ഇറ്റലിക്കായിരുന്നു. ഇപ്പോൾ ബ്രിട്ടനും ആ വഴിയേയാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിക്കസേരയിലിരുന്ന ആളായിട്ടാണ് ഇനി ലിസ് ട്രസിനെ ചരിത്രം രേഖപ്പെടുത്തുക. സമീപകാലത്ത് ഇത്രയും കഴിവുകെട്ടതും വിഭജിക്കപ്പെട്ടതുമായ ഒരു മന്ത്രിസഭ ബ്രിട്ടനിലുണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്. 

ലിസ് ട്രസ് രാജി വച്ചതോടെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നവരിൽ മുൻനിരയിലാണു ഹൗസ് ഓഫ് കോമൺസ് നേതാവ് പെനീ മോർ‍ഡന്റ്. പാർലമെന്റിലെ ചോദ്യോത്തരവേളയിൽ പെനീ മറുപടി പറയുന്നതാണു ചിത്രത്തിൽ. File Photo: (Photo by JESSICA TAYLOR / UK PARLIAMENT / AFP)

ഇപ്പോൾ ബ്രിട്ടനിലെ ചർച്ചയും ഊഹങ്ങളും ലിസിനു പകരം വരുന്നത് ആര് എന്നതിനെപ്പറ്റിയാണ്. ഈ നിരയിൽ ഒന്നാമൻ മുൻ ധനമന്ത്രി ഋഷി സുനക് തന്നെയാണ്. ഹൗസ് ഓഫ് കോമൺസ് നേതാവ് പെനീ മോർ‍ഡന്റ്, പ്രതിരോധമന്ത്രി ബെൻ വാലസ്, രാജിവച്ച ആഭ്യന്തര മന്ത്രി സുവല്ല ബ്രോവർമാൻ തുടങ്ങിയ പേരുകളും ഉയരുന്നു. ഇത്തരം ഇടത്തരക്കാരായ നേതാക്കളുടെ കൂട്ടത്തിൽ എന്തുകൊണ്ടും ഭേദപ്പെട്ടത് സുനക് തന്നെയാണെന്നാണു ഭൂരിപക്ഷാഭിപ്രായം. പാർട്ടിയിൽ 2 മാസത്തോളം നീണ്ട പ്രചാരണങ്ങൾക്കു ശേഷമാണു ലിസ് ട്രസ്, സുനകിനെ പിന്തള്ളി കഴിഞ്ഞ മാസാദ്യം അധികാരത്തിൽ വന്നത്.

പരിഷ്കരിച്ച നികുതി നയങ്ങൾ ബ്രിട്ടനെ രക്ഷപ്പെടുത്തുമെന്ന അമിതവിശ്വാസമാണ് ലിസിനെ കുഴപ്പത്തിലാക്കിയത്. ആ പരിഷ്കാരം വിപണിയെ ഉലച്ചു. സാമ്പത്തിക മേഖലയെ നിലംപരിശാക്കി. ധനമന്ത്രിയെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നീക്കം വിജയം കണ്ടില്ല. ഒരാഴ്ചയോളം കഷ്ടപ്പെട്ട് പിടിച്ചുനിന്നശേഷം അവർ പടിയിറങ്ങുമ്പോൾ പ്രതിപക്ഷമായ ലേബർ പാർട്ടി പൊതുതിരഞ്ഞെടുപ്പു വേണമെന്ന ആവശ്യം ഉയർത്തുന്നു. പൊതുതിരഞ്ഞെടുപ്പു നടന്നാൽ ലേബർ പാർട്ടി പാട്ടുംപാടി ജയിക്കുമെന്നാണു നിരീക്ഷണം.

കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിലെ പ്രസംഗത്തിനു ശേഷം പുറത്തുവരുന്ന ലിസ് ട്രസും ഭർത്താവ് ഹ്യൂ ഒലിയറിയും. അക്കൗണ്ടന്റായി ജോലിചെയ്യുന്ന കാലത്തെ സഹപ്രവർത്തകനായിരുന്ന ഹ്യൂ ഒലിയറിയുമായി 2000ൽ ആയിരുന്നു ലിസിന്റെ വിവാഹം.  Photo by Oli SCARFF / AFP

∙ വരുമോ ബോറിസ്?

2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി ഉജ്വലവിജയം നേടിയപ്പോൾ, ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ അതികായൻ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. യൂറോപ്യൻ യൂണിയൻ വിട്ടുപോരാനുള്ള ബ്രെക്സിറ്റ് പദ്ധതിയിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടംതന്നെ തിരുത്തിയ നേതാവായി ജനപ്രീതി നേടി. 80 സീറ്റുകളുടെ ഭൂരിപക്ഷമാണു പാർലമെന്റിൽ കൺസർവേറ്റീവ് പാർട്ടി നേടിയത്. 1987ൽ മാർഗരറ്റ് താച്ചർക്കുശേഷം മറ്റൊരു കൺസർവേറ്റീവ് നേതാവിനും ഇത്രയും വലിയ ഭൂരിപക്ഷം നേടാനായിട്ടില്ല. 5 വർഷം സുഗമമായ ഭരണം ഉറപ്പിച്ചായിരുന്നു ജോൺസന്റെ തുടക്കം. 

എന്നാൽ, രണ്ടരവർഷം പിന്നിട്ടപ്പോഴേക്കും സ്ഥിതി മാറി. ലോക്ഡൗൺ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട ‘പാർട്ടിഗേറ്റ്’ വിവാദങ്ങൾ അദ്ദേഹത്തെ ദുർബലനാക്കി. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിഛായാനഷ്ടം പ്രകടമായിരുന്നു. സെന്റ് പോൾസ് കത്തീ‍ഡ്രലിലെ ചടങ്ങിനിടെ വേദിയിലേക്ക് എത്തിയ ബോറിസ് ജോൺസനെയും ഭാര്യ കാരി സിമോൺസിനെയും ജനക്കൂട്ടം കൂവലോടെയാണു സ്വീകരിച്ചത്. ഭരണകർത്താവ് എന്ന നിലയിൽ ബ്രെക്സിറ്റിന് അപ്പുറം ഉറച്ച രാഷ്ട്രീയനയം ജോൺസനില്ലായിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള തന്ത്രപരമായ നീക്കങ്ങൾ ഉണ്ടായില്ല.

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിന് എത്തിയ ബോറിസ് ജോൺസനും ഭാര്യ കാരി ജോൺസനും. പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രധാനമന്ത്രിയായി പരിഗണിക്കപ്പെടാൻ ബോറിസ് ജോൺസണും സാധ്യതയുണ്ടെന്നാണ് സൂചനകൾ. Photo by Marco BERTORELLO / AFP

കോവിഡ് ലോക്ഡൗണിൽ ജനം വീട്ടിലിരുന്നപ്പോൾ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ ഓഫിസുകളിലുമായി ജോൺസൺ നടത്തിയത് 17 ആഘോഷപാർട്ടികളായിരുന്നു. ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിനു പിഴയടയ്ക്കേണ്ടി വന്ന ജോൺസൺ, സ്ഥാനത്തിരിക്കെ നിയമലംഘനം നടത്തിയ ആദ്യ പ്രധാനമന്ത്രിയെന്ന ‘ബഹുമതിയും’ നേടി. 2021 ഏപ്രിലിൽ, ഫിലിപ് രാജകുമാരന്റെ സംസ്കാരത്തിനു തലേന്ന് 2 മദ്യവിരുന്നുകൾ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നെന്ന വെളിപ്പെടുത്തലും പുറത്തുവന്നു. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രധാനമന്ത്രിയായി പരിഗണിക്കപ്പെടാൻ ബോറിസ് ജോൺസണും സാധ്യതയുണ്ടെന്നാണ് സൂചനകൾ. അവസരങ്ങളുടെ കലയാണല്ലോ രാഷ്ട്രീയം, എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ബ്രിട്ടിഷുകാർ.

പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച ശേഷം 10 ഡൗണിങ് സ്ട്രീറ്റിൽ പ്രസംഗിക്കുന്ന ബോറിസ് ജോൺസൺ. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി ഉജ്വലവിജയമാണു നേടിയത്. യൂറോപ്യൻ യൂണിയൻ വിട്ടുപോരാനുള്ള ബ്രെക്സിറ്റ് പദ്ധതിയിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടംതന്നെ തിരുത്തിയ നേതാവായി ജനപ്രീതിയും നേടിയെങ്കിലും പാതിവഴിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു. Photo by Daniel LEAL / AFP

English Summary: Next UK PM Odds: Rishi Sunak Is Favourite, Boris Johnson Climbs Rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com