ADVERTISEMENT

ലണ്ടൻ∙ ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ ആരാകും അടുത്ത ബ്രിട്ടിഷ് പ്രധാനമന്ത്രി എന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ സജീവം. ഉടന്‍ പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ പുതിയ പ്രധാനമന്ത്രിയെ ഉടൻ തിരഞ്ഞെടുക്കുമെന്നാണു ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലപാട്. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഉള്‍പ്പെടെയുള്ള പേരുകള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

ജനങ്ങള്‍ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാല്‍ പൊതു തിര‍ഞ്ഞെടുപ്പ് നടത്തണമെന്നുമാണ‌ു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സ്കോട്ടിഷ് നാഷണൽ പാർട്ടിയും ആവശ്യപ്പെടുന്നത്. എന്നാല്‍ അടുത്ത വെള്ളിയാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരംഭിച്ചു.

തിങ്കളാഴ്ച ഉച്ചവരെ എംപിമാര്‍ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യാം. കുറഞ്ഞത് നൂറ് എംപിമാരുടെയെങ്കിലും പിന്തുണയുള്ളവര്‍ക്കെ മല്‍സരിക്കാനാവൂ എന്നാണു വ്യവസ്ഥ. അതിനാല്‍ പരമാവധി മൂന്നുപേരെ മല്‍സരരംഗത്തുണ്ടാവൂ. മൂന്നുപേര്‍ മല്‍സരിക്കാന്‍ വന്നാല്‍ ആദ്യം ഓണ്‍ലൈനിലൂടെ വോട്ടെടുപ്പ് നടത്തും. ഇതില്‍ മുന്നിലെത്തുന്ന രണ്ടുപേര്‍ തമ്മിലായിരിക്കും മല്‍സരം.
വെള്ളിയാഴ്ചയ്ക്കകം എല്ലാ നടപടിക്രമങ്ങളും പൂർ‍ത്തിയാക്കി പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജെയ്ക്ക് ബെറി വ്യക്തമാക്കി.

ലിസ് ട്രസിനെതിരെ മൽസരിച്ച് രണ്ടാംസ്ഥാനത്തായ ഇന്ത്യൻ വംശജന്‍ ഋഷി സുനകിന്റെയും കഴിഞ്ഞ തവണ ഒന്നാം റൗണ്ടിൽ മൽസരത്തിനുണ്ടായിരുന്ന പെന്നി മോർഡന്റിന്റെയും പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കു സജീവമായി ഉയരുന്നത്.

സാമ്പത്തിക വിദഗ്ധനും മുന്‍ ധനമന്ത്രിയുമായ സുനകിന് ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്നു രാജ്യത്തെ കരകയറ്റാന്‍ കഴിയുമെന്ന് ഏറെ പേര്‍ വിശ്വസിക്കുന്നു. ബ്രിട്ടന്റെ ആദ്യ വനിത പ്രതിരോധ മന്ത്രിയും നിലവില്‍ ഹൗസ് ഓഫ് കോമണ്‍സ് ലീഡറുമായി പെന്നി മോര്‍ഡന്റിനും എംപിമാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുണ്ട്. മുൻ ഡപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, മുതിർന്ന നേതാവ് മൈക്കിൾ ഗോവ് എന്നിവരുടെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

അതിനിടെ, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തിരികെ വിളിക്കണമെന്ന ആവശ്യവും ഉയര്‍ന്നുതുടങ്ങി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പിച്ചിരുന്ന ധനമന്ത്രി ജെറമി ഹണ്ട് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി.

English Summary: After the resignation of Liz Truss, the opposition wants election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com