‘ആയുധങ്ങളും വസ്ത്രങ്ങളും വെള്ളത്തിൽ താഴ്ത്തി; പ്രതി രക്ഷപ്പെട്ടത് പിൻവശത്തെ ഇടവഴിയിലൂടെ?’
Mail This Article
വള്ള്യായി∙ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ പട്ടാപ്പകൽ കൊലപ്പെടുത്തിയതിനു ശേഷം പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ എം.ശ്യാംജിത്ത് രക്ഷപ്പെട്ടത് വീടിന്റെ പിൻവശത്തെ ഇടവഴിയിലൂടെയെന്ന് സൂചന. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ വീട്ടിലേക്കുള്ള ഇടവഴിയെ കുറിച്ച് ശ്യാംജിത്തിന് അറിയാമായിരുന്നുവെന്നാണ് രക്ഷപ്പെട്ട വഴി നൽകുന്ന സൂചന. ആയുധവുമായി എത്തിയ ശ്യാംജിത്ത് മുത്താറിപ്പീടിക റോഡിലെത്തി കൂത്തുപറമ്പ് ഭാഗത്തേക്കു പോയെന്നു മനസ്സിലാക്കി പൊലീസ് നീങ്ങിയതാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.
കൊലപാതകശേഷം ശ്യാംജിത്ത് ഉപേക്ഷിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. കൊലപാതകസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ, ഷൂസ് എന്നിവയും കണ്ടെത്തി. ഇവ വെള്ളത്തിൽ താഴ്ത്തിയ നിലയിലാണ്. ശ്യാംജിത്തിന്‍റെ വീടിനടുത്തുള്ള പറമ്പിൽ പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തുഭാഗം അറ്റു തൂങ്ങിയ നിലയിലാണ്. കൈ കാലുകൾ ഉൾപ്പെടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്.
കൊലപാതകം മൂന്നു ദിവസം മുൻപെങ്കിലും ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ചുവർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു, മൂന്നു മാസത്തിലേറേയായി തന്നെ പൂർണമായും വിഷ്ണുപ്രിയ അവഗണിച്ചതോടെ വിഷ്‌ണുപ്രിയയെ കൊലപ്പെടുത്താൻ ശ്യാംജിത്ത് തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായാണു ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയതെന്നു പൊലീസ് പറയുന്നു. വീടിന്റെ പിൻവാതിൽ വഴിയാണ് പ്രതി അകത്തു കടന്നത്. കിടപ്പുമുറിയിലായിരുന്ന വിഷ്ണുപ്രിയയെ ചുറ്റികകൊണ്ടു തലയ്ക്ക് അടിച്ചു കട്ടിലിൽ വീഴ്ത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കഴുത്ത് അറുക്കുകയും ശരീരമാസകലം വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു.
English Summary: Confession statement of Panoor murder case accused