ADVERTISEMENT

തിരുവനന്തപുരം ∙ പ്രണയം നിരസിച്ചതിന് കണ്ണൂരിൽ വിഷ്ണുപ്രിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. പ്രണയപ്പകയിൽ കൊലപാതകം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി മേയർ രംഗത്തെത്തിയത്.

‘ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും പ്രണയിക്കാനും അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും’ എന്നാണ് മേയർ ഫെയ്സ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

ആര്യയുടെ ഫെയ്സ്ബുക് പോസ്റ്റ്:

വിഷ്ണുപ്രിയയുടെ മുഖം കൺമുന്നിൽനിന്ന് മായുന്നില്ല. അവൾ ആക്രമിക്കപ്പെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുക?  ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും.

അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം. അത് മാത്രമാണോ, ഒരു പെൺകുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാൽ അവൾക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആൾക്കൂട്ട ആക്രമണത്തെയും വരെ അവൾ നേരിടേണ്ടി വരും. അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേൾവികളുടെ മാത്രം ബലത്തിൽ സ്വന്തം മനോരോഗത്തിന് ശാന്തി കിട്ടാൻ സാമൂഹമാധ്യമത്തിലൂടെ അവൾക്കു നേരെ അധിക്ഷേപം ചൊരിയുന്ന വേറെയും കുറെ ആങ്ങളമാർ ഉണ്ട് ഇക്കാലത്ത്. ഇത്തരം മനോരോഗികളെ കണ്ടെത്തി തക്കതായ ചികിത്സ നൽകിയില്ലെങ്കിൽ നാളെ മറ്റേതെങ്കിലും ഒരു പെൺകുട്ടി ഇരയാവുക തന്നെ ചെയ്യും. 

ജീവിതത്തിൽ ‘യെസ്’ എന്ന് മാത്രമല്ല ‘നോ’ എന്നുകൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് ‘പ്രണയം’. അതിന് പ്രണയിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണ ആദ്യം തിരുത്തണം. ഏറ്റവും പ്രധാനം അത്തരം ചിന്തകൾക്കും പറച്ചിലുകൾക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏർപ്പാട് അവസാനിപ്പിക്കണം...

English Summary: Mayor Arya Rajendran on Vishnupriya murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com