ADVERTISEMENT

തിരുവനന്തപുരം ∙ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.വി.നാരായണന്റെ പേരു മാത്രം സേർച് കമ്മിറ്റി ശുപാർശ ചെയ്തതിന്റെയും സീനിയർ ആയ 6 പ്രഫസർമാരെ ഒഴിവാക്കിയതിന്റെയും രേഖകൾ പുറത്ത്. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകൾ പുറത്തുവിട്ടത്.

കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃത ഡീൻ ഉൾപ്പടെ 7 സീനിയർ പ്രഫസർമാരുടെ ചുരുക്കപ്പട്ടിക തയാറാക്കിയശേഷമാണ് ഒരു പേര് മാത്രമായി സേർച് കമ്മിറ്റി ശുപാർശ ചെയ്തത്. കാലിക്കറ്റ്‌, കുസാറ്റ് സർവകലാശാല വിസി നിയമനങ്ങൾക്ക് നേരത്തെ സേർച് കമ്മിറ്റി ശുപാർശ ചെയ്ത പാനലിലുള്ളവരും ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു. ഇവരെയും ഒഴിവാക്കി.

പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കാളിദാസാ സംസ്കൃത വിശ്വവിദ്യാലയം വൈസ് ചാൻസലർ പ്രഫ. ശ്രീനിവാസ് വരഖേദി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി, സർവകലാശാലയുമായി ബന്ധപ്പെട്ട ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സേർച് കമ്മിറ്റിയിൽ അംഗമായി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ സുപ്രീം കോടതി വിധി പ്രകാരം പാനലിൽ നിന്നല്ല നിയമനമെന്നതും സംസ്കൃത സർവകലാശാല വിസി നിയമനം അസാധുവാകാൻ മതിയായ കാരണമാണെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പറയുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിസിമാരുടെ നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ നിവേദനം ഗവർണറുടെ പരിഗണയിലാണ്.

English Summary: Sanskrit University VC Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com