പാർട്ടിയുടെ ‘പരമാധികാരി’, രാജ്യത്തിന്റെയും; മൂന്നാമൂഴം: ‘ലോകത്തിന് ചൈനയെ ആവശ്യം’
Mail This Article
ബെയ്‌ജിങ്∙ ചൈനയുടെ പ്രസിഡന്റ് പദവിയിൽ ഷി ചിൻപിങ്ങിന് മൂന്നാം ഊഴം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 205 അംഗ സെൻട്രൽ കമ്മിറ്റി (സിസി) പ്ലീനമാണ് ഷി ചിൻപിങ്ങിനെ നേതാവായി തിരഞ്ഞെടുത്തത്. ഷി അധ്യക്ഷത വഹിച്ച യോഗത്തിൽ പുറത്തുനിന്നുള്ള 168 അംഗങ്ങളും പങ്കെടുത്തു. സൈന്യത്തിന്റെ മൊത്തത്തിലുള്ള അധികാരിയായ സെൻട്രൽ മിലിട്ടറി കമ്മിഷൻ (സിഎംസി) ചെയർമാനായും ഷിയെ തിരഞ്ഞെടുത്തു.
സിസി യോഗം രൂപീകരിച്ച ഏഴംഗ സ്ഥിരം സമിതിയാണു (സ്റ്റാൻഡിങ് കമ്മിറ്റി) രാജ്യഭരണം നിയന്ത്രിക്കുക. സമിതിയിലെ എല്ലാവരും ഷിയുടെ വിശ്വസ്തരാണ്. ഈ സമിതിയാണ് പാർട്ടി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയാണ് രാജ്യത്തിന്റെ പ്രസിഡന്റുമാകുക. ലോകത്തിന് ചൈനയെ ആവശ്യമുണ്ടെന്ന്, മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷി പ്രതികരിച്ചു.
“ലോകമില്ലാതെ ചൈനയ്ക്ക് വളരാനാകില്ല. ലോകത്തിനും ചൈനയെ ആവശ്യമാണ്. 40 വർഷത്തിലേറെയായുള്ള പരിഷ്കാരങ്ങൾക്കും തുറന്നുകൊടുക്കലിനും ശേഷം രണ്ട് അദ്ഭുതങ്ങൾ സൃഷ്ടിച്ചു – ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീർഘകാല സാമൂഹിക സ്ഥിരതയും. ചൈനയെ എല്ലാ അർഥത്തിലും ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുന്നതിനുള്ള പുതിയ യാത്രയിൽ ഞങ്ങൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് പാർട്ടി ആത്മാർഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നു. കടമകൾ നിറവേറ്റുന്നതിൽ ജാഗ്രതയോടെ പ്രവർത്തിക്കും’’ – ഷി പറഞ്ഞു.
ഷി ചിൻപിങ്ങിനെ വീണ്ടും നേതാവായി തിരഞ്ഞെടുക്കുന്നതിനുള്ള പാർട്ടി ഭരണഘടനാ ഭേദഗതികൾ ഇന്നലെ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അംഗീകരിച്ചിരുന്നു. 5 വർഷം വീതമുള്ള രണ്ടു ടേം പൂർത്തിയാകുമ്പോൾ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്‍വഴക്കം. ഇതനുസരിച്ച് പ്രധാനമന്ത്രി ലി കെച്യാങ് അടക്കം 10 വർഷം പൂർത്തിയാക്കിയ എല്ലാവരെയും ഒഴിവാക്കിയപ്പോഴാണ് ഷി ചിൻപിങ്ങിനെ പാർട്ടി ‘പരമാധികാരി’യായി അവരോധിച്ചത്.
പാർട്ടിയുടെ 10 കോടിയോളം അംഗങ്ങൾ പാലിക്കേണ്ട ആധികാരിക നയരേഖയായ പാർട്ടി ഭരണഘടനയിലാണ് കോൺഗ്രസ് ഭേദഗതികൾ വരുത്തിയത്. ഷി ചിൻപിങ് മുൻപേ പറഞ്ഞുവച്ച നയപരവും സംഘടനാപരവുമായ മാറ്റങ്ങളാണ് കോൺഗ്രസ് അംഗീകരിച്ചത്. മാവോ സെദൂങ്ങിന് തുല്യനായ നേതാവായി ഷി ഇതോടെ ഉയർത്തപ്പെട്ടു. പാർട്ടി ഭരണഘടനയിലൂടെ സ്ഥാനം ഉറപ്പിച്ചതോടെ ആജീവനാന്തം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നാണു വിലയിരുത്തൽ. ആജീവനാന്ത പ്രസിഡന്റായിരുന്ന മാവോയ്ക്കു ശേഷം 10 വർഷ കാലാവധി പിന്നിട്ട ആരും ചൈനയിൽ ഭരണത്തലപ്പത്തിരുന്നിട്ടില്ല.
English Summary: "World Needs China": Xi Jinping After Securing Historic Third Term