കടുവയ്ക്കായി കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍; ജനകീയ സമിതി സമരം തുടരുന്നു
Mail This Article
ബത്തേരി∙ വയനാട് ചീരാലിൽ ഒന്നിനു പുറകേ ഒന്നായി വളർത്തുമൃഗങ്ങളെ കൊന്ന് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയ കടുവയെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിൽ നിന്ന് എത്തിച്ച പരിശീലനം സിദ്ധിച്ച കുങ്കിയാനകളായ വിക്രമിന്റെയും ഭരതിന്റെയും സഹായത്തോടെയാണ് തിരച്ചിൽ. ഉള്‍കാട്ടിലേക്ക് കടന്ന് തിരച്ചില്‍ നടത്താനാണു വനംവകുപ്പിന്‍റെ നീക്കം. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാപകൽ സമരം തുടരുകയാണ്. ജനകീയ സമരസമിതി പഴൂരിലെ തോട്ടാമൂല സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിനു മുൻപിൽ കുടിൽ കെട്ടിയാണ് രാപകൽ സമരം നടത്തുന്നത്.
വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ ദിവസം രാത്രി മാത്രം 3 പശുക്കളെയാണ് കടുവ ആക്രമിച്ചത്. അതിൽ ഒന്ന് ചത്തു. രണ്ടെണ്ണത്തിനു പരുക്കേറ്റു. പഴൂർ സ്വദേശികളായ മാങ്ങാട്ടിൽ ഇബ്രാഹിം, സഹോദരി മാങ്ങാട്ടിൽ അസ്മ, ചീരാൽ കുടുക്കി അയലക്കാട്ട് രാജഗോപാൽ എന്നിവരുടെ പശുക്കളാണ് ആക്രമിക്കപ്പെട്ടത്.
ഇതിൽ ഇബ്രാഹിമിന്റെ പശു ചത്തു. ആദ്യ പശു ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ചീരാൽ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ ഊട്ടി റോഡിൽ ജനങ്ങൾ രാത്രി ഉപരോധം നടത്തുമ്പോൾ കടുവ ഇര തേടി അങ്ങോട്ടെത്തുകയായിരുന്നു. ഉപരോധ സമരം നടക്കുന്ന പഴൂർ ഫോറസ്റ്റ് സ്റ്റേഷന്റെ തൊട്ടുപിറകിൽ നിന്നാണ് ഇബ്രാഹിമിന്റെ പശുവിനെ കടുവ പിടികൂടിയത്. പശുവിനെ ഭാഗികമായി ഭക്ഷിക്കുകയും ചെയ്‌തു. തിരച്ചിലും പട്രോളിങും ദിനംപ്രതി ശക്തമാക്കുന്നുണ്ടെങ്കിലും അതേ ശക്തിയിൽ തന്നെ കടുവയുടെ ഇരയാക്രമണവും കൂടുകയാണ്. ഒരു മാസത്തിനിടെ ചീരാലിൽ നിന്ന് 13 പശുക്കളെയാണ് കടുവ പിടികൂടിയത്.
English Summary: Search for tiger intensified in Wayanad village