പൊന്നൊഴുക്കാന് ദുബായ് – കൊച്ചി –ഡൽഹി; സ്വർണക്കടത്ത് തന്ത്രം പൊളിച്ച് ഡിആർഐ
Mail This Article
കൊച്ചി∙ ദുബായ്-കൊച്ചി–ഡൽഹി വിമാനത്തിലൂടെയുള്ള സ്വർണക്കടത്ത് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിച്ചപ്പോൾ പൊളിഞ്ഞത് സ്വർണക്കടത്തുകാരുടെ പുതുതന്ത്രം. വിദേശത്തുനിന്നു കൊണ്ടു വരുന്ന സ്വർണം ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു കടത്തുകാരുടെ ലക്ഷ്യം. ഡിആർഐക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ഏഴു കിലോയോളം വരുന്ന സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ ഇന്നലെ ആറു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു.
∙ കടത്ത് ഇങ്ങനെ
ദുബായിൽനിന്ന് കൊച്ചിയിൽ എത്തി ആഭ്യന്തര സർവീസ് നടത്തുന്ന വിമാനത്തിൽ പ്രത്യേകം ടിക്കറ്റെടുത്താണ് ഉയർന്ന അളവിൽ സ്വർണം കടത്താൻ ശ്രമം നടത്തിയത്. ദുബായിൽനിന്നു സ്വർണവുമായി കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറിയ രണ്ടു പേർ സ്വർണം നിശ്ചിത സീറ്റിന് അടിയിൽ ഒളിപ്പിക്കുന്നു. ഇതേ സീറ്റിലോ സമീപത്തോ ആയി കൊച്ചിയിൽനിന്നു ഡൽഹിയിലേക്ക് ബുക്ക് ചെയ്ത മൂന്നു പേർ അവിടെ ആഭ്യന്തര ടെർമിനലിലൂടെ സ്വർണം പുറത്തെത്തിക്കാനായിരുന്നു ശ്രമിച്ചത്. ഈ തന്ത്രമാണ് ഡിആർഐ പൊളിച്ചത്.
ആഭ്യന്തര ടെർമിനലുകളിൽ കാര്യമായ കസ്റ്റംസ് പരിശോധന സാധാരണയായി ഉണ്ടാകാറില്ല എന്ന സൗകര്യം മുതലെടുത്ത് സ്വർണം പുറത്തെത്തിക്കാനായിരുന്നു ശ്രമം. കൊച്ചി വിമാനത്താവളത്തിൽനിന്നു കയറിയ മൂന്നു പേരും ദുബായിൽനിന്നു സ്വർണവുമായി കയറിയ രണ്ടു പേരുമാണു പിടിയിലായിരിക്കുന്നത്. ഇവർ മലപ്പുറം, പാലക്കാട് സ്വദേശികളാണ് എന്നാണു വിവരം.
∙ ഇതേ മാർഗം മുൻപും?
ഇത്തരത്തിൽ സീറ്റിനടിയിൽ ഒളിപ്പിച്ച് ആഭ്യന്തര ടെർമിനൽ വഴി സ്വർണക്കടത്തു സംഘം ഉയർന്ന അളവിലുള്ള സ്വർണം കടത്തിയിട്ടുണ്ടാകും എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. നിലവിൽ പിടികൂടിയ സ്വർണം ആർക്കു വേണ്ടിയായിരുന്നു എന്നതിനെക്കുറിച്ചു വ്യക്തത വന്നിട്ടില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഉയർന്ന അളവിലുള്ള സ്വർണം ആയതിനാൽ പിന്നിൽ വൻകിട കടത്തുകാരാകും എന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനു കൂടിയാണ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെയോ വിമാനത്തിലെയോ ആരുടെയെങ്കിലും സഹായം സ്വർണക്കടത്തിനു ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
മറ്റു വിമാനത്താവളങ്ങൾ വഴിയും ഇത്തരത്തിൽ സംഘങ്ങൾ സ്വർണം കടത്തിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വർണക്കടത്ത് പിടികൂടുന്നതിന് അനുസരിച്ചു പുതിയ തന്ത്രങ്ങൾ പയറ്റുന്നതാണ് കണ്ടു വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാലിന് അടിയിൽ ഒളിപ്പിച്ച നിലയിലും തോർത്തിൽ മുക്കിയെടുത്ത നിലയിലുമെല്ലാം സ്വർണം കടത്താൻ ശ്രമിച്ചത് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
English Summary: DRI busts new trick in gold smuggling