ADVERTISEMENT

തിരുവനന്തപുരം∙ കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പൊലീസ് ഓഫിസർ എം.ആര്‍.രമ്യയെ ഡിജിപി അനില്‍കാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്.

മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂര്‍വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി ഡിജിപി പറഞ്ഞു. ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, രമ്യയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നല്‍കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും ഡിജിപി സമ്മാനിച്ചു. പൊലീസിന്‍റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫിസറെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.

കഴിഞ്ഞ 23ന് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവ്, കുഞ്ഞുമായി മുങ്ങിയതായി പരാതി ലഭിച്ചപ്പോൾ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണം ബത്തേരിയിലാണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയിൽ നിന്നാണു പിടികൂടിയത്. കുഞ്ഞിനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പൊലീസ് കൊണ്ടുപോയപ്പോൾ എല്ലാവരും ആശങ്കയിലായി.

kozhikode-new-born-baby
രമ്യ കുഞ്ഞുമായി ആശുപത്രിയിൽ

കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളായിത്തുടങ്ങി. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഷുഗർ ലെവൽ താഴ്‍ന്നുവരുന്നു. താൻ ഫീഡിങ് മദറാണെന്ന് ഡോക്ടറോട് പറഞ്ഞു അനുമതി വാങ്ങിയ ശേഷം രമ്യ കുഞ്ഞിനെ മാറോട് ചേർത്തപ്പോൾതന്നെ കുഞ്ഞു കരച്ചിൽ നിർത്തി. പിന്നെ അമ്മിഞ്ഞപ്പാൽ നുണഞ്ഞു കുഞ്ഞ് ഉഷാറായയി. രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.

നാലുവര്‍ഷം മുൻപു സേനയില്‍ ചേര്‍ന്ന രമ്യ, കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ആംഡ് പൊലീസ് ബറ്റാലിയന്‍റെ നാലാം ദളത്തില്‍ ആയിരുന്നു. മാതൃത്വ അവധിക്കുശേഷമാണ് രമ്യ ചേവായൂര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയത്. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ എല്‍പി സ്കൂള്‍ അധ്യാപകനായ അശ്വന്ത് ആണ് ഭർത്താവ്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.

English Summary: DGP Congratulates Woman Police Officer Who Feeds New Born Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com