ADVERTISEMENT

കാസർകോട് ∙ പത്മ പുരസ്‌‍കാരങ്ങ‍ളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന കേരള പുരസ്‌‍കാരങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും. കേരള സർക്കാർ പ്രഖ്യാപിച്ച കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ‌ വ്യക്തമാക്കി. ശിൽപങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണിത്. ശിൽപങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമൻ കാസർകോട്ട് മനോരമ ന്യൂസിനോടു പറഞ്ഞു.

കണ്ണൂർ പയ്യാമ്പലം പാർക്കിൽ താൻ നിർമിച്ച ശിൽപങ്ങൾ അവഗണിക്കപ്പെട്ടതിൽ കാനായി കുഞ്ഞിരാമൻ നേരത്തെ പ്രതിഷേധിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ശംഖുമുഖം, വേളി പാർക്കുകൾ നശിപ്പിച്ചതെന്ന് കാനായി ആരോപിച്ചു. ഇതൊക്കെ ആർക്കു വേണ്ടിയാണ് ചെയ്തതെന്ന് തനിക്കറിയാമെന്നും, പക്ഷേ പറയുന്നില്ലെന്നും കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.

‘‘അവാർഡുകൾ ഒന്നിനും പരിഹാരമല്ല. അവാർഡ് നല്ല കാര്യം തന്നെയാണ്. പക്ഷേ, എന്റെ മനസ്സിൽ ഇപ്പോൾ വരുന്നത് ശംഖുമുഖം പാർക്കാണ്. കുറച്ചു മാസങ്ങൾക്കു മുൻപ് അവിടെയൊരു ഹെലികോപ്റ്റർ കൊണ്ടുവന്നു വച്ചു. ഞാൻ ചെയ്ത ആ മനോഹരമായ സ്ഥലം മുഴുവൻ വികൃതമാക്കി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയാണ് അത് ചെയ്തത്. ഞാൻ ഇക്കാര്യം അദ്ദേഹത്തിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. എല്ലാം ശരിയാക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനിടയിൽ ഒരു അവാർഡ് തന്നാൽ എങ്ങനെയാണ് എനിക്ക് സ്വീകരിക്കാൻ  പറ്റുക? 

വേളിയിലെ അവസ്ഥയും സമാനമാണ്. ആർക്കും വേണ്ടാത്ത ഒരു വേളിയാണ് ഞാൻ ആദ്യമായി എത്തുമ്പോൾ അവിടെയുണ്ടായിരുന്നത്. ആരും അവിടെ പോയിരുന്നില്ല. പിന്നീട് വളരെയധികം കഷ്ടപ്പെട്ട് ചെയ്ത ഒന്നാണ് വേളി ടൂറിസ്റ്റ് വില്ലേജ്. അങ്ങനെ വളരെയധികം വരുമാനമുള്ള ടൂറിസ്റ്റ് സെന്ററായി അതു മാറി. പിന്നീട് അതും വികൃതമാക്കിക്കളഞ്ഞു’ – കാനായി പറഞ്ഞു.

‘ഇതേ അവസ്ഥയാണ് കണ്ണൂർ പയ്യാമ്പലത്തും. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാൻ ആവശ്യപ്പെട്ടത്. 80 സെന്റ് മാത്രമുണ്ടായിരുന്ന അവിടെ മൂന്ന് ഏക്കറിൽ സൂര്യാസ്തമയം കാണാവുന്ന രീതിയിലാണ് ഞാൻ പാർക്ക് ക്രമീകരിച്ചത്. അതും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഈ അവാർഡ് ഞാൻ എങ്ങനെയാണ് സ്വീകരിക്കുക. എന്റെ പ്രശ്നങ്ങൾക്ക് അവാർഡ് ഒരു പരിഹാരമല്ല.’ – കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.

English Summary: Kanayi Kunhiraman Refuses Kerala Sree Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com