മോർബി ദുരന്തത്തിൽ നഷ്ടമായത് ഭർത്താവും മകനും മകളും; വിലപിച്ച് ഗർഭിണി
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ ഗർഭിണിയായ സ്ത്രീക്ക് ഭർത്താവിനെയും മക്കളെയും നഷ്ടമായി. ഭര്‍ത്താവിനൊപ്പം ഒൻപത് വയസ്സായ മകളെയും ഏഴു വയസ്സായ മകനെയും നഷ്ടമായത് വിതുമ്പലോടെയല്ലാതെ അവർക്ക് വിവരിക്കാനാകുന്നില്ല. എല്ലാം പോയി, തനിക്കാരുമില്ലെന്നു പറഞ്ഞ് ഇവർ വിലപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗർഭിണിയായതിനാലാണ് ഇവർ പാലത്തിൽ കയറാതിരുന്നത്. അതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും ഇവരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
കൂലിപ്പണിക്കാരനായ യുവാവ് കുട്ടികളെയും ഭാര്യയെയും കൂട്ടി ഞായറാഴ്ച വൈകിട്ട് പുറത്തുപോയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഇതുവരെ 135 പേരാണ് മരിച്ചത്.
തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിൽ കഴിഞ്ഞ മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ഒൻപതു പേരെ അറസ്റ്റ് ചെയ്തു. പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറെവ ഗ്രൂപ്പിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു.
തലസ്ഥാനമായ ഗാന്ധിനഗറിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30നാണ് തകർന്നത്. 1877ൽ നിർമിച്ച 233 മീറ്റർ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികൾക്കുശേഷം 26നാണു തുറന്നത്. പാലത്തിനു മുനിസിപ്പാലിറ്റിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടുണ്ട്.
English Summary: Morbi: Woman Lost Daughter, Son, Husband