വധഭീഷണി: സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര സർക്കാർ
Mail This Article
മുംബൈ∙ ബോളിവുഡ് താരം സൽമാൻ ഖാന് മഹാരാഷ്ട്ര സർക്കാർ വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ട്. വധഭീഷണി നിലനിൽക്കുന്നതിനാലാണ് സൽമാന്റെ സുരക്ഷ ശക്തിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പഞ്ചാബ് ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിനു പിന്നിൽ ജയിലിൽ അടയ്ക്കപ്പെട്ട ലോറൻസ് ബിഷ്ണോയ് സംഘത്തിൽനിന്ന് സൽമാന് ഭീഷണിസന്ദേശങ്ങൾ വന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നടന്മാരായ അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് എക്സ് കാറ്റഗറി സുരക്ഷയും സർക്കാർ അനുവദിച്ചതായി റിപ്പോർട്ടുണ്ട്.
സൽമാനും പിതാവ് സലിം ഖാനും ജൂണിൽ വധഭീഷണി മുഴക്കികൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു. പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണിക്കത്ത്. ഇതിനു പിന്നാലെ ലോറൻസ് ബിഷ്ണോയി സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് സൽമാന്റെ സുരക്ഷ മുംബൈ പൊലീസ് ശക്തിപ്പെടുത്തുകയും ചെയ്തു. സ്വയരക്ഷയ്ക്കു തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസിന് അനുമതിയും നൽകിയിരുന്നു.
ഇപ്പോൾ താരത്തിന് വൈ പ്ലസ് സുരക്ഷ നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതായത് ഇനി മുതൽ സൽമാന്റെ സുരക്ഷയ്ക്കായി ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടാകും. മുംബൈ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലായി നടത്തിയ അന്വേഷണത്തിൽ ബിഷ്ണോയിയുടെ സംഘം സൽമാനെ വധിക്കാൻ ശ്രമങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു. 2017ൽ സൽമാന്റെ ബാന്ദ്രയിലെ വസതിയിൽ നടന്ന ജന്മദിനാഘോഷത്തിനിടയിലും 2018ൽ പൻവേലിലെ ഫാം ഹൗസിലുമായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.
കശ്മീരി ഫയൽസ് എന്ന ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെയുണ്ടായ ഭീഷണികളെ തുടർന്നാണ് അനുപം ഖേറിന്റെ സുരക്ഷ ശക്തമാക്കുന്നതെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിൽ ദേശീയത സംബന്ധിച്ചു ഉയരുന്ന ഭീഷണി സന്ദേശങ്ങൾക്കു പിന്നാലെയാണ് അക്ഷയ് കുമാറിനും സുരക്ഷ ശക്തമാക്കുന്നത്. സുരക്ഷാച്ചെലവ് താരങ്ങൾതന്നെ വഹിക്കുമെന്നാണ് റിപ്പോർട്ട്.
English Summary: Salman Khan gets Y+ security after threats from Lawrence Bishnoi gang; Akshay Kumar, Anupam Kher get X category security