‘എന്തുകൊണ്ട് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടുന്നില്ല? അന്വേഷണ ഏജൻസികൾ ഒത്തുകളിക്കുന്നു’
Mail This Article
ന്യൂഡൽഹി ∙ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കുടുംബാംഗങ്ങളില്‍നിന്നും അന്വേഷണ ഏജന്‍സികള്‍ വിവരശേഖരണം നടത്തുന്നില്ലെന്ന ആരോപണവുമായി എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി). ഏജന്‍സികളുടെ അലംഭാവത്തിനെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു. മറുപടിക്കായി 15 ദിവസം കാക്കും. തുടർനടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അജി കൃഷ്ണൻ പറഞ്ഞു.
ലൈഫ് മിഷൻ കേസിലെ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ പേരുണ്ട്. കേസിൽ പ്രതിയായ എം. ശിവശങ്കരന്റെ മൊഴിയിലും മുഖ്യമന്ത്രിയെ കുറിച്ച് പരാമർശം ഉണ്ട്. ഇത്രയൊക്ക വിവരങ്ങള്‍ ലഭ്യമായിട്ടും മുഖ്യമന്ത്രിയില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ട് വിവരങ്ങൾ ആരായുന്നില്ലെന്നും അജി കൃഷ്ണൻ ചോദിച്ചു. സ്വര്‍ണക്കടത്തുകേസ് സിബിഐ ഏറ്റെടുക്കണമെന്നും അന്വേഷണ ഏജൻസികളും പ്രതികളും തമ്മിൽ ഒത്തുകളിക്കുകയാണെന്നും അജി കൃഷ്ണൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് ജോലി നൽകിയതോടെയാണ് എച്ച്ആർഡിഎസ് വിവാദങ്ങളിൽ കുടുങ്ങിയത്.
വാർത്താസമ്മേളനത്തിൽ അജി കൃഷ്‌ണനൊപ്പം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാനും പങ്കെടുത്തു. എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതില്‍ സുപ്രീംകോടതി റജിസ്ട്രിക്കു പങ്കുണ്ടെന്നും കെ.എം.ഷാജഹാൻ ആരോപിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി വിജയ് സാഖറെയുടെ ദേശീയ അന്വേഷണ ഏജൻസിയിലേക്കുള്ള ഡപ്യൂട്ടേഷൻ നിയമനവും സംശയാസ്പദമാണെന്ന് ഷാജഹാൻ ആരോപിച്ചു.
എസ്എൻസി ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
English Summary: HRDS top official slams investigative agencies on gold smuggling case