എവിടെനിന്ന് ഈ കോടികളെന്ന് മോദിയോട് റാവു; മറുപടി ‘മന്ത്രവാദി’ പ്രയോഗം; നാളെ നിർണായകം
Mail This Article
കര്‍ണാടകയ്ക്കു ശേഷം അധികാരം പിടിക്കാൻ ബിജെപി സർവ ശ്രദ്ധയും കൊടുക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണു തെലങ്കാന. 2023 ലാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അത് ഫൈനലെങ്കിൽ സെമിഫൈനലാണ് ഉടൻ നടക്കാനിരിക്കുന്ന മുനുഗോഡെ ഉപതിരഞ്ഞടുപ്പ്. അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റിയ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവർക്ക് അത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഊർജമാവും. ഇരു പാർട്ടികൾക്കും, ഒപ്പം കോൺഗ്രസിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. തെലങ്കാന പിടിക്കാൻ അരയും തലയും മുറുക്കി ബിജെപിയും ദേശീയതലത്തിൽ ഉള്‍പ്പെടെ ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് ടിആർഎസും നിൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയം ഏറെ കലങ്ങിമറിഞ്ഞിരിക്കുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പോകാനും ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മടിച്ചേക്കില്ല. ഇത് അറിയാവുന്നതിനാൽ ഏതു വിധേനയും ജയിക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസ് ആകട്ടെ, തങ്ങളുടെ രാഷ്ട്രീയാസ്ഥിത്വം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലുമാണ്. എന്തുകൊണ്ടാണ് മുനുഗോഡെ തിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ ഭാഷയിൽ ചന്ദ്രശേഖർ റാവു പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? അമിത് ഷാ കോടികളിറക്കി എംഎൽഎമാരെ വലയിലാക്കാൻ ശ്രമിച്ചു എന്നു പറയുന്നതിനു പിന്നിലെ യാഥാർഥ്യമെന്താണ്? തെലങ്കാനയിൽ കോൺഗ്രസിനെയാണോ ടിആർഎസിനെയാണോ ബിജെപി ലക്ഷ്യം വയ്ക്കുന്നത്? എ ന്താണ് സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.