പാലം തകർന്നത് ദൈവവിധി: അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ മാനേജർ കോടതിയിൽ
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായത് ദൈവവിധിയെന്ന് അറ്റകുറ്റപ്പണി നടത്തിയ കമ്പനി ഒറിവയുടെ മാനേജർ ദീപക് പരേഖ്. പാലം തകർന്നതിനെത്തുടർന്ന് ഞായറാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൈവനിശ്ചയമാണ് നിർഭാഗ്യകരമായ അപകടമുണ്ടാകാൻ കാരണമെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.ജെ. ഖാനോടാണ് പരേഖ് പറഞ്ഞത്.
135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലത്തിലെ കേബിള്‍ തുരുമ്പിച്ചിരുന്നുവെന്നും അത് നന്നാക്കിയിരുന്നെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പാലത്തിലെ കേബിളില്‍ ഗ്രീസോ മറ്റോ ഇട്ടിരുന്നില്ല. കേബിള്‍ പൊട്ടുന്ന സമയത്ത് അത് തുരുമ്പിച്ചിരിക്കുകയായിരുന്നു. പാലം ബലപ്പെടുത്തുന്നതിന് എന്തു പണി ചെയ്‌തെന്നോ എങ്ങനെ പരിപാലിച്ചുവെന്നോ കൃത്യമായ രേഖകളില്ല. ഒക്ടോബർ 23നാണ് പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്നത്. എന്നാൽ സർക്കാർ പരിശോധനകൾ പൂർത്തിയാക്കാതെയാണ് പാലം തുറന്നതെന്നും ഡിവൈഎസ്പി പി.എ.സല കോടതിയെ അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഒറിവ ഗ്രൂപ്പിലെ 4 പേരുൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അജന്ത ക്ലോക്ക് നിർമാതാക്കളായ ഒറിവ ഗ്രൂപ്പിന് 15 വർഷത്തെ പരിപാലന കരാറാണ് നൽകിയത്. 10– 15 രൂപയാണ് പാലത്തിൽ കയറാൻ ഇവർ ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്.
അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. തൂക്കുപാലം തകർന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
English Summary: ‘Will Of God’: Arrested Manager To Court On Gujarat Bridge Collapse