ADVERTISEMENT

കൊച്ചി ∙ കോട്ടയം നഗര ഹൃദയത്തിൽ ആകാശ പാതയുടെ നിർമാണം പൂർത്തിയാക്കാനുള്ള നടപടികൾ കലക്ടർ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. പദ്ധതി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണു ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകിയത്. ആകാശ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന തൂണുകൾ പൊളിച്ചു കളയണമെന്നും ആവശ്യപ്പെട്ട് എ.കെ. ശ്രീകുമാർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. ഹർജി 28ന് പരിഗണിക്കാൻ മാറ്റി. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനുള്ള നടപടികൾ അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ബന്ധപ്പെട്ടവർ സ്വീകരിച്ചിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കോടതി പറഞ്ഞു. 

നാറ്റ്പാക്കിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കാൻ കേരള റോഡ് സുരക്ഷ അതോറിറ്റി കിറ്റ്കോയ്ക്ക് നിർദേശം നൽകിയിരുന്നതായി കലക്ടർ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഗതാഗതത്തെയും കാൽനട യാത്രക്കാരെയും ബാധിക്കാതെ 6 ലിഫ്റ്റുകൾ, 3 സ്റ്റെയർകെയ്സുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നിർദേശം നാറ്റ്പാക് എൻജിനീയർമാർ കലക്ടർക്കു റിപ്പോർട്ട്‌വഴി നൽകിയിരുന്നു.

റോഡ് സുരക്ഷ കമ്മിഷണർ, പിഡബ്ല്യുഡി അധികൃതർ, കിറ്റ്കോ, കോട്ടയം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർ പങ്കെടുത്ത യോഗത്തിൽ റോഡ് സുരക്ഷ കമ്മിഷണറുടെ അനുമതിക്കായി 3 നിർദേശങ്ങൾ കിറ്റ്കോ നൽകി. പദ്ധതിക്കായി സ്ഥലലഭ്യത സംബന്ധിച്ച് പരിശോധന നടത്താൻ റോഡ് സുരക്ഷ കമ്മിഷണർ കലക്ടർക്ക് നിർദേശവും നൽകിയിരുന്നു. തുടർന്ന് പരിശോധന നടത്തി.ലിഫ്റ്റുകളും പടിയും സ്ഥാപിക്കാനാകുമോ എന്നു പരിശോധിക്കുന്നുണ്ടെന്നും ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും കലക്ടർ വിശദീകരിച്ചു. റോഡ് സേഫ്റ്റി കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അനുമതി കാത്തിരിക്കുകയാണെന്നും കലക്ടർ അറിയിച്ചു. ആവശ്യമായ ഫണ്ട് നൽകാൻ സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തയാറാണെന്ന് അറിയിച്ചതും കോടതി പരിഗണിച്ചു.

English Summary: Government on Kottayam Skywalk in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com