അനുവദിച്ചത് 2 കോടി, ചെലവാക്കിയത് 12 ലക്ഷം; മോര്‍ബി തൂക്കുപാലം അറ്റകുറ്റപ്പണിയില്‍ വന്‍തട്ടിപ്പ്
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 135 പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയിൽ വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. അറ്റകുറ്റപ്പണികൾക്കായി രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും, കരാറെടുത്ത കമ്പനി ആകെ ചെലവഴിച്ചത് 12 ലക്ഷം രൂപ മാത്രം. പാലം ബലപ്പെടുത്താനുള്ള പ്രവൃത്തികൾക്കു പകരം നടന്നത് മോടിപിടിപ്പിക്കൽ മാത്രമാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ക്ലോക്കുകളുടെയും ഇലക്ട്രിക്കൽ ഉൽപന്നങ്ങളുടെയും നിർമാതാക്കളായ ഒറിവ ഗ്രൂപ്പ് ആണ് പാലത്തിന്റെ അറ്റകുറ്റപ്പണിയും 15 വർഷത്തേക്ക് നടത്തിപ്പും കരാറെടുത്തിരുന്നത്. 2 കോടി രൂപയ്ക്കായിരുന്നു കരാർ. 7 മാസം അടച്ചിട്ടിരുന്ന പാലം ഗുജറാത്ത് പുതുവത്സര ദിനം പ്രമാണിച്ചാണ് 26ന് തുറന്നു കൊടുത്തത്. ഉദ്ഘാടനച്ചടങ്ങും സംഘടിപ്പിച്ചിരുന്നു. 10 വർഷം വരെ പാലത്തിനു കുഴപ്പമുണ്ടാകില്ലെന്നാണ് ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ കരാറുകാർ ഉറപ്പുനൽകിയത്.
അതേസമയം, കൂടുതൽ പേർ കയറിയതാണ് പാലം തകരാൻ കാരണമെന്നാണ് ഒറിവ ഗ്രൂപ്പിന്റെ ആരോപണം. ദുരന്തം നടക്കുമ്പോൾ പാലത്തിൽ 400 ലേറെ പേരുണ്ടായിരുന്നു. പാലത്തിലേക്ക് പ്രവേശിക്കാൻ അഞ്ഞൂറോളം ടിക്കറ്റുകൾ നൽകിയിരുന്നതായി ബിജെപി കൗൺസിലർ പറഞ്ഞു. നേരത്തെ പാലത്തിന്റെ നടത്തിപ്പ് മുനിസിപ്പാലിറ്റിയുടെ ചുമതലയിൽ ആയിരുന്നപ്പോൾ ഒരേസമയം പരമാവധി 20 പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.
അതേസമയം, നിർമാണമേഖലയിൽ മുൻപരിചയം തെളിയിച്ചിട്ടില്ലാത്ത കമ്പനിക്കു പാലംപണി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
English Summary: Morbi bridge collapse: Oreva spent only Rs 12 lakh of allotted Rs 2 crore on renovation