ഉദ്ധവ് പക്ഷം 76.85% വോട്ട് നേടി ജയിച്ചു; അപ്രതീക്ഷിതം നോട്ടയ്ക്ക് 14.79% വോട്ടുകൾ!
Mail This Article
മുംബൈ∙ ബിജെപിയുടെ നേതൃത്വത്തിൽ ഏക്നാഥ് ഷിന്‍ഡെയെ മുന്നിൽനിർത്തി ശിവസേനയെ പിളർത്തി അധികാരത്തിൽനിന്നു പുറത്താക്കിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബിജെപി മത്സരത്തിൽനിന്ന് പിന്മാറിയതിനാൽ ഫലം പ്രവചനീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായത് വോട്ടുകളുടെ എണ്ണം പുറത്തുവന്നപ്പോഴാണ്. അന്ധേരി (ഈസ്റ്റ്) ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് ബാലസാഹബ് താക്കറെ ശിവസേന വിഭാഗം നിർത്തിയ റുതുജ ലാത്കെ വൻ മാർജിനിൽ ജയിച്ചു. എന്നാൽ ബാക്കിയുള്ള ആറു സ്ഥാനാർഥികളെക്കാളും വോട്ടു കൂടുതൽ നേടി നോട്ട ‘താരമായി’.
ആകെ പോൾ ചെയ്ത 86,570 വോട്ടുകളിൽ റുതുജയ്ക്ക് 66,530 വോട്ടുകള്‍ ലഭിച്ചപ്പോൾ 12,806 വോട്ടുകളാണ് നോട്ടയ്ക്കു ലഭിച്ചത്. അതായത് ആകെ പോൾ ചെയ്തവയിൽ 76.85% വോട്ടുകൾ റുതുജയ്ക്ക് ലഭിച്ചപ്പോൾ നോട്ട 14.79% വോട്ടുകൾ നേടി. ബാക്കിയുള്ള സ്ഥാനാർഥികൾക്ക് ഓരോരുത്തർക്കും ഒരു ശതമാനത്തോളം വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ.
റുതുജ ലാത്കെയുടെ ഭർത്താവും ശിവസേന എംഎൽഎയുമായ രമേശ് ലാത്കെയുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. രമേശ് ലാത്കെയോടുള്ള ആദര സൂചകമായി ഏക്നാഥ് ഷിൻഡെ വിഭാഗവും കോൺഗ്രസും എൻസിപിയും സ്ഥാനാർഥിയെ വച്ചിരുന്നില്ല. ബിജെപി സ്ഥാനാർഥിയെ പിന്‍വലിക്കുകയും ചെയ്തു.
English Summary: Team Thackeray Wins Andheri Election, As Expected. Here's The Surprise