മുല്ല ഒമറിന്റെ ശവകുടീരം ഇതാ; 9 വര്‍ഷം ഒളിപ്പിച്ച ആ രഹസ്യം വെളിപ്പെടുത്തി താലിബാന്
Mail This Article
കാബുള്‍∙ വര്‍ഷങ്ങളോളം അതീവരഹസ്യമായി സൂക്ഷിച്ച, താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ അന്ത്യവിശ്രമ സ്ഥലം വെളിപ്പെടുത്തി താലിബാന്‍. 2001ല്‍ അമേരിക്കന്‍ നീക്കത്തില്‍ താലിബാന് അഫ്ഗാനിസ്ഥാനിലെ അധികാരം നഷ്ടമായതു മുതല്‍ മുല്ല ഒമറിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഒടുവില്‍ 2015 ഏപ്രിലിലാണ് രണ്ട് വര്‍ഷം മുന്‍പ് മുല്ല ഒമര്‍ മരിച്ചുവെന്ന് താലിബാന്‍ സ്ഥിരീകരിക്കുന്നത്. 20 വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയത്.
സാബുള്‍ പ്രവിശ്യയിലെ സുരി ജില്ലയിലെ ഒമ്രാസോയ്ക്കു സമീപത്തുള്ള മുല്ല ഒമറിന്റെ അന്ത്യവിശ്രമ സ്ഥലത്ത് ഞായറാഴ്ച നടന്ന ചടങ്ങില്‍ സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ ശവകുടീരത്തിന് നാശം സംഭവിക്കാതിരിക്കാനാണ് സ്ഥലം രഹസ്യമായി സൂക്ഷിച്ചതെന്നും സബീഹുള്ള പറഞ്ഞു.
അടുത്ത കുടുംബാംഗങ്ങള്‍ക്കു മാത്രമേ വിവരം അറിയാമായിരുന്നുള്ളു. ഇനിമുതല്‍ ആളുകള്‍ക്ക് അവിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്നും സബീഹുള്ള അറിയിച്ചു. കഴിഞ്ഞ ദിവസം ശവകുടീരത്തില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 1993ല്‍ താലിബാന്‍ സ്ഥാപിച്ച മുല്ല ഒമര്‍, 53-ാം വയസ്സിലാണു മരിച്ചത്.
English Summary: Burial Place Of Taliban Founder Kept Secret For 9 Years, Now Revealed