ADVERTISEMENT

മോസ്കോ ∙ 2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന് സ്ഥീരീകരിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ഉറ്റ അനുയായിയും വ്യവസായിയുമായ യെവ്ഗെനി വിക്തോറോവിക് പ്രിഗോഷി. സമൂഹമാധ്യമമായ ടെലഗ്രാമിലെ കുറിപ്പിലാണ് പ്രിഗോഷി ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ റഷ്യ ഇടപെട്ടിട്ടുണ്ടെന്നും ഇടപെടുന്നുണ്ടെന്നും ഇനിയും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടുണ്ടെന്ന് പ്രിഗോഷി സമ്മതിക്കുന്നത്.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 റഷ്യൻ പൗരൻമാരും മൂന്നു റഷ്യൻ കമ്പനികളും സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ ഇടപെട്ടുവെന്നായിരുന്നു ആരോപണം. ഡോണൾഡ് ട്രംപിന് അനുകൂലമായും ഹിലറി ക്ലിന്റന് എതിരായും കുറ്റാരോപിതർ നടത്തിയ പ്രചാരണങ്ങൾ യുഎസ് ജനതയിൽ ഭിന്നത വളർത്താനും ജനാധിപത്യത്തിൽ അവർക്കുള്ള വിശ്വാസം തകർക്കാനും ഉദ്ദേശിച്ചിരുന്നുവെന്നും യുഎസ് സ്പെഷൽ കൗൺസൽ റോബർട്ട് മുള്ളർ 2018ൽ തയാറാക്കിയ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായ ഇന്റർനെറ്റ് റിസർച്ച് ഏജൻസി (ഐആർഎ) എന്ന കമ്പനിയാണ്. കുറ്റാരോപിതരായ 12 റഷ്യക്കാരും ഐആർഎയുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചത്. റഷ്യൻ പൗരനായ യെവ്ഗെനി വിക്തോറോവിക് പ്രിഗോഷിനാണ് വിവിധ വ്യാജക്കമ്പനികളിലൂടെ ഇതിനെല്ലാം പണം മുടക്കിയത്. ചെലവിനായി ലക്ഷക്കണക്കിനു ഡോളർ വകയിരുത്തുകയും ചെയ്തെന്നായിരുന്നു കുറ്റപത്രം.
‌‌
വ്ലാഡിമിർ പുട്ടിന്റെ ഷെഫ് എന്ന് അറിയപ്പെടുന്ന പ്രഗോഷിക്ക് റഷ്യൻ സർക്കാരിൽ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും ക്രെംലിനുമായി അത്രയ്ക്ക് അടുപ്പമുള്ള ഉയർന്ന സ്ഥാനീയരിൽനിന്നൊരാൾ ആദ്യമായാണ് റഷ്യൻ ഇടപെടൽ സ്ഥിരീകരിച്ച് രംഗത്തുവരുന്നത്. (ക്രെംലിനു വേണ്ടിയുള്ള കേറ്ററിങ് ജോലികൾ ഏറ്റെടുത്തതിനെത്തുടർന്നാണ് പ്രോഗഷിയെ പുട്ടിന്റെ ഷെഫ് എന്നു വിശേഷിപ്പിക്കുന്നത്). അതേസമയം, പരിഹാസ രൂപേണയാണ് പ്രിഗോഷി ഇക്കാര്യങ്ങൾ പറയുന്നതെന്ന വിലയിരുത്തലും ഒരുവശത്തുണ്ട്.

റഷ്യയുമായുള്ള ബന്ധം മൂലമാണു ട്രംപ് 2016ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണു ഡമോക്രാറ്റുകളുടെ പ്രധാന ആരോപണം. ‘‘യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെടാനായി 2014ൽ റഷ്യ പദ്ധതികളാരംഭിച്ചു. യുഎസ് രാഷ്ട്രീയത്തെ സ്വാധീനിക്കാനാവശ്യമായ രഹസ്യവിവരങ്ങൾ ശേഖരിക്കാൻ രണ്ടു റഷ്യക്കാർ 2014ൽ യുഎസിലെ പത്തോളം സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. തുടർന്നു ട്രാൻസ്ലേറ്റർ പ്രോജക്ട് എന്ന പേരിൽ ഐആർഎ 2016 ജൂലൈയിൽ 80ലേറെ ജീവനക്കാരെ നിയോഗിച്ചു.

ഹിലറി വിരുദ്ധ രാഷ്ട്രീയ പ്രചാരണം നടത്താനും റാലികൾ സംഘടിപ്പിക്കാനും റഷ്യൻസംഘം ഫെയ്സ്‌ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ യുഎസ് പൗരൻമാരുടെ പേരുകളിൽ നൂറുകണക്കിന് അക്കൗണ്ടുകൾ ആരംഭിച്ചു. ഇവരുടെ ഇടപെടൽ യുഎസിൽനിന്നു തന്നെയാണെന്നു തോന്നിപ്പിക്കുന്നതിനായി, യുഎസ് സെർവറുകൾ വിലയ്ക്കെടുത്തായിരുന്നു ഇത്. ഈ പേജുകളിലൂടെ സ്വാധീനത്തിലായ അമേരിക്കക്കാർ വഴി രാഷ്ട്രീയ റാലികൾ അടക്കം സംഘടിപ്പിച്ചു. ഇതിനു പണവും നൽകി. എന്നാൽ പണം പറ്റുന്നതു റഷ്യക്കാരിൽ നിന്നാണെന്ന് അമേരിക്കക്കാർ തിരിച്ചറിഞ്ഞതുമില്ല.

തിരഞ്ഞെടുപ്പു പ്രചാരണകാലത്തു തടവുവേഷത്തിൽ ഹിലറി ക്ലിന്റനായി വേഷം കെട്ടിയ ഒരാളെ നിർത്തിയുള്ള പ്രചാരണം വരെ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിനുശേഷം നിയുക്ത പ്രസിഡന്റ് ട്രംപിന് അനുകൂലമായും പ്രതികൂലമായും പ്രകടനങ്ങൾ നടത്തിച്ചു’’ – കുറ്റപത്രത്തിൽ പറയുന്നു.

English Summary: Russian oligarch Yevgeny Prigozhin appears to admit to US election interference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com