ADVERTISEMENT

കോഴിക്കോട് ∙ തിരുവനന്തപുരം കോര്‍പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള നിയമനക്കത്ത് വിവാദമായതിനു പിന്നാലെ, കോഴിക്കോട് കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളും വിവാദത്തിലേക്ക്. ആരോഗ്യ വിഭാഗത്തിലെ 122 താല്‍ക്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുന്നതായാണ് ആരോപണം. നിയമനത്തിനായി രൂപീകരിച്ച ഇന്‍റര്‍വ്യൂ കമ്മിറ്റിയില്‍നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് പരാതി.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനങ്ങളെന്നും മേയര്‍ പ്രതികരിച്ചു. നിയമനക്കാര്യങ്ങളില്‍ പൊതുവില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും മേയര്‍ ബീനാ ഫിലിപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദമായ കത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതിയതാകില്ലെന്നും കോഴിക്കോട് മേയർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയബോധമുള്ള ആര്യയുടെ ഭാഷ ഇങ്ങനെയാണെന്ന് കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി. 

കോഴിക്കോട് കോർപറേഷനിൽ ആരോഗ്യ വിഭാഗത്തിലെ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചിരുന്നു. 122 പേരുടെ നിയമനങ്ങള്‍ക്കായി ആയിരത്തോളം ഉദ്യോഗാർഥികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നു. മേയറുടെ പ്രതിനിധി, ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്‍റര്‍വ്യൂ കമ്മിറ്റിയിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് ആരോപണം. സിപിഎം പ്രതിനിധികൾ മാത്രം ഉൾപ്പെട്ട ഇന്റർവ്യൂ കമ്മിറ്റി പാർട്ടിക്കാരെ അനധികൃതമായി തിരുകിക്കയറ്റാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്.

താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താനുള്ള സാധ്യതയുള്ളതിനാല്‍ ബിരുദ്ധധാരികള്‍ അടക്കം തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. അന്തിമ പട്ടിക കോര്‍പറേഷന്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

English Summary: Appointment Controversy In Kozhikode Corporation Also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com