ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 182 സീറ്റുകളിൽ 160 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയടക്കമുള്ള പുതുമുഖങ്ങളെ അണിനിരത്തിയുമാണ് ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് അങ്കം.

130ലധികം പേരുടെ മരണത്തിനിടയാക്കിയ മോർബി തൂക്കുപാലം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മോർബിയിലെ നിലവിലെ എംഎൽഎ ബ്രിജേഷ് മെർജയ്ക്കു സീറ്റു ലഭിച്ചില്ല. പകരം അഞ്ച് തവണ മോർബി എംഎൽഎയായിരുന്ന കാന്തിലാൽ അമൃതിയ ബിജെപിക്കു വേണ്ടി മത്സരിക്കും. ഒക്ടോബർ 30നു മോർബി തൂക്കുപാലം തകർന്നു വീണപ്പോൾ ലൈഫ് ജാക്കറ്റും ധരിച്ചു നദിയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയ കാന്തിലാലിന്റെ വിഡിയോ വൈറലായിരുന്നു. ആദ്യഘട്ടത്തിൽ ബിജെപി ചർച്ചകളിൽ ഇടമില്ലാതിരുന്ന കാന്തിലാൽ, രക്ഷാപ്രവർത്തനത്തിലൂടെയാണ് ബിജെപി ടിക്കറ്റ് നേടിയതെന്നു പാർട്ടിവൃത്തങ്ങൾ പറയുന്നു.

ജാംനഗർ നോർത്ത് മണ്ഡ‍ലത്തിൽ സ്ഥാനാർഥിയായി നിലവിലെ എംഎൽഎ ധർമേന്ദ്രസിങ് എം.ജഡേജയെ ഒഴിവാക്കിയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയെ ബിജെപി സ്ഥാനാർഥിയായി നിർത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റിവബ, കോൺഗ്രസ് നേതാവായിരുന്ന ഹരി സിങ് സോളങ്കിയുടെ അനന്തിരവൾ കൂടിയാണ്. 2016ലാണ് രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചത്.

കോൺഗ്രസിൽനിന്നെത്തിയ ഹാർദിക് പട്ടേൽ വിരാംഗ്രാമിലും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്‌ലോഡിയയിൽ മത്സരിക്കും. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച പ്രദ്യുമൻ ജഡേജ, അശ്വിൻ കോട്‌വാൾ ഉൾപ്പെടെ ഏഴു നേതാക്കളും പട്ടികയിലുണ്ട്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ പല മുതിർന്ന നേതാക്കളെയും ഒഴിവാക്കി. പലരും സ്വയം പിന്മാറിയതാണെന്നാണ് ബിജെപി വിശദീകരണം.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8ന്.

English Summary: BJP Fields Ex MLA Who "Jumped Into River To Save Lives" In Gujarat's Morbi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com