ശബരിമല: ഇടത്താവളങ്ങളിൽ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം
Mail This Article
കൊച്ചി ∙ ശബരിമലയിൽ മണ്ഡലകാല, മകരവിളക്കിനു മുന്നോടിയായി ഭക്തർക്ക് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ദേവസ്വം ബോർഡുകൾക്കു ഹൈക്കോടതിയുടെ നിർദേശം. ക്ഷേത്രോപദേശ സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്കുവേണ്ട സഹായങ്ങൾ നൽകണം.
ഇടത്താവളങ്ങളിൽ ഭക്തർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ പരിശോധിക്കണം. ഗുരുവായൂർ ക്ഷേത്രത്തിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും സൗകര്യങ്ങൾ വിലയിരുത്തണം. ഭക്തർക്കു സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം സ്പെഷൽ കമ്മിഷണർ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് കീഴിൽ 59 ഇടത്താവളങ്ങളാണ് ഉള്ളതെന്നു ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലും പ്രത്യേക സൗകര്യമേർപ്പെടുത്തും. കെട്ടുനിറയ്ക്കാനും മാലയിടലിനുമായി ഗുരുവായൂരിൽ സൗകര്യമുണ്ടാകുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
English Summary: Devaswom Board ensure proper amenities to Sabarimala devotees says Kerala High Court