ADVERTISEMENT

ഷിംല∙ ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 66.58% പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചത്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ, പിസിസി അധ്യക്ഷ പ്രതിഭാ സിങ്, മുൻ മുഖ്യമന്ത്രി പി.കെ.ധൂമൽ, മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയവരുൾപ്പെടെ വോട്ടു രേഖപ്പെടുത്തി. ബിജെപി വ്യാജക്കത്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച്, ബിജെപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

തുടർഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സാന്നിധ്യമറിയിക്കുന്നു. ഇരുപാർട്ടികൾക്കും വിമതശല്യം കൂടുതലാണ്. 68 അംഗ നിയമസഭയിൽ, നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം, സ്ത്രീകൾക്കായി വൻ സൗജന്യങ്ങൾ പ്രഖ്യാപിച്ച ബിജെപിയുടെ പ്രകടന പത്രിക, അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രതിസന്ധി തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ.

ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ, ഭരണത്തുടർച്ച നേടി ചരിത്രം തിരുത്തിക്കുറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം.

വീരഭദ്ര സിങ്ങിന്റെ മരണത്തെതുടർന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നയിച്ചത്. ഭരണവിരുദ്ധവികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് കരുത്താണ്. വിമതശല്യവും നേതാക്കള്‍ക്കിടയിലെ കിടമത്സരവും കോൺഗ്രസിലും ശക്തമാണ്.

English Summary: Himachal Pradesh Elections 2022 Voting Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com