'അനാവശ്യ ഉടക്ക് വേണ്ട': തൊഴിലാളികളെ പാഠം പഠിപ്പിക്കുമോ പിണറായിയും ഗോവിന്ദനും?
Mail This Article
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർഭരണവുമായി ഏഴാം വർഷത്തിലേക്കു കടക്കുമ്പോൾ, നിർണായക നീക്കങ്ങളുമായി സിപിഎമ്മും പാർട്ടി നേതൃത്വം നൽകുന്ന സർക്കാരും മുന്നോട്ടു പോകാനൊരുങ്ങുകയാണ്. കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച ‘നവ കേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന വികസന നയരേഖയിലെ സുപ്രധാന നിർദേശങ്ങളുടെ ചുവടുപിടിച്ച് സിപിഎം മുൻകയ്യെടുത്ത് എൽഡിഎഫിലും നയരേഖ അവതരിപ്പിക്കുന്നു. ഇതിലൂടെ സിപിഎം യഥാർഥത്തിൽ ലക്ഷ്യമിടുന്നതെന്താണ്? പാർട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ ചുമതലയേറ്റ് അധികം വൈകാതെ, ട്രേഡ് യൂണിയനുകൾക്കു കടിഞ്ഞാണിടാൻ പുതിയ രേഖ പാർട്ടിയിൽ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? നവകേരളം സംബന്ധിച്ച പാർട്ടി കാഴ്ചപ്പാട് എങ്ങനെയാണ്? സർക്കാരും സിഐടിയുവും തുറന്ന പോരിലേക്കാണോ നീങ്ങുന്നത്? ഇപ്പോൾത്തന്നെ പുകഞ്ഞു നിൽക്കുന്ന സിപിഎം–സിഐടിയു ബന്ധം തർക്കങ്ങളുടെ പുതിയ തലങ്ങളിലേക്കു നീങ്ങുമോ? പാർട്ടിയുടെ പ്രഖ്യാപിത നയപരിപാടികളിലും പ്രത്യയശാസ്ത്ര നിലപാടുകളിലും മാറിയ കാലഘട്ടത്തിൽ സമഗ്രമായ അഴിച്ചുപണിക്കാണു കേരളത്തിലെ സിപിഎം തുടക്കമിടാൻ പോകുന്നത്. ആവശ്യാനുസരണം വിദേശ വായ്പകൾ സ്വീകരിക്കാനും വിദ്യാഭ്യാസ– ആരോഗ്യ– ശുചീകരണ മേഖലകളിൽ ഉൾപ്പെടെ സ്വകാര്യവത്കരണത്തിനു തുടക്കമിടാനും സിപിഎമ്മും സർക്കാരും ഉന്നം വയ്ക്കുന്നു. പാർട്ടിക്കുള്ളിലും എൽഡിഎഫിലും ഇക്കാര്യത്തിൽ കാര്യമായ എതിർപ്പുകൾ ഉയരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശമാണു ഭരണ നേതൃത്വം പാർട്ടി നേതൃത്വത്തോടു നിർദേശിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണു പുതിയ ട്രേഡ് യൂണിയൻ രേഖ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.