ഇസ്തംബുളിലെ സ്ഫോടനം: ബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നയാൾ അറസ്റ്റിൽ
Mail This Article
ഇസ്തംബുൾ ∙ തുർക്കിയിലെ ഇസ്തംബുൾ നഗരത്തിലുളള ജനപ്രിയ ഷോപ്പിങ് മേഖലയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബോംബ് സ്ഥാപിച്ചയാളാണ് അറസ്റ്റിലായതെന്നാണ് സൂചന. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) ആണ് ബോംബ് ആക്രമണത്തിന് പിന്നിലെന്നു തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ആരോപിച്ചു. “ഞങ്ങളുടെ കണ്ടെത്തലുകൾ അനുസരിച്ച്, പികെകെ ഭീകര സംഘടനയാണ് ഉത്തരവാദി.” – സോയ്‌ലു പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഇസ്തിക്‌ലൽ അവന്യൂവിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെയുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചിരുന്നു. 81 പേർക്ക് പരുക്കേറ്റു. നാലു പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർ ആശുപത്രിയിലാണ് മരിച്ചത്. സ്ഫോടനമുണ്ടായതോടെ കടകൾ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
ഭീകരാക്രമണമെന്നു സംശയിക്കുന്നതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും പറഞ്ഞിരുന്നു. ഇന്റലിജൻസ് വിവരങ്ങൾ പരിശോധിച്ചപ്പോൾ, സ്ഫോടനത്തിനു പിന്നിൽ ഒരു സ്ത്രീയുടെ പങ്കുണ്ടെന്നു കരുതുന്നെന്നും എർദോഗൻ അറിയിച്ചു. സ്ഫോടനത്തിന്റെ വിഡിയോകൾ സംപ്രേഷണം ചെയ്യുന്നതു വിലക്കിയിട്ടുണ്ട്. 2016ൽ ഇതേ തെരുവിൽ നടന്ന ചാവേറാക്രമണത്തിൽ 5 പേർ മരിച്ചിരുന്നു.
English Summary: Blast At Busy Street In Turkey's Istanbul