ജി20യെ ഇനി ഇന്ത്യ നയിക്കും; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി മോദി
Mail This Article
ബാലി∙ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വർഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.
ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര നിർമാർജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികൾ നേരിടുന്നതിന് ഡിജിറ്റൽ പരിവർത്തനം സഹായകരമാകും. 50 രാജ്യങ്ങളിൽ മാത്രമാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാർക്ക് ഒരു തരത്തിലുള്ള ഡിജിറ്റൽ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘ജി20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഞങ്ങൾ ജി20 മീറ്റിങ്ങുകൾ സംഘടിപ്പിക്കും. നമ്മൾ ഒരുമിച്ച് ജി20യെ ആഗോള മാറ്റത്തിന് ഉത്തേജകമാക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവും ആയിരിക്കും’’– പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സുസ്ഥിര വളർച്ചയെക്കുറിച്ചും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയാൻ ലുങ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടി സമാപിച്ചു.
English Summary: PM Modi takes over India's G20 presidency in Bali