ADVERTISEMENT

കൊല്ലം∙ പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ ഇനി അഗതികളല്ല, അനാഥരുമല്ല. എല്ലാവരും ഇനി എം.എ.യൂസഫലി ഒരുക്കിയ സ്നേഹത്തണലിലെ പ്രിയപ്പെട്ടവര്‍. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി 15 കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നിർമിച്ച ബഹുനിലമന്ദിരം ഇനി അമ്മമാര്‍ക്ക് സ്വന്തം. മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം.എ.യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു.

തുടർന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാർ ചേർന്നു നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വീൽചെയറിലായിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും പുനലൂര്‍ സോമരാജനും ചേർന്നു സമീപത്തെ മുറിയിലേക്ക് എത്തിച്ചതോടെ ഗൃഹപ്രവേശച്ചടങ്ങ് പൂർത്തിയായി.

MA-Yusuff-Ali-1702
പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി നിർമിച്ച ബഹുനില മന്ദിരത്തിലെ ശിലാഫലകം എം.എ.യൂസഫലിയും ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും ചേർന്ന് അനാച്ഛാദനം ചെയ്യുന്നു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് സമീപം

എല്ലാ നന്മയുള്ള പ്രവർത്തനങ്ങളും ഹൃദയത്തിനുള്ളിൽനിന്നാണു താൻ ചെയ്യുന്നതെന്നും അമ്മമാർക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും എം.എ.യൂസഫലി മാധ്യമങ്ങളോടു പറഞ്ഞു. മന്ദിരത്തിലെ വൈദ്യുതിക്കും മറ്റ് അറ്റകുറ്റപണികൾക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ താൻ നൽകും. ഇതു തന്റെ മരണശേഷവും തുടരുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാർക്കു വേണ്ടിയും സമാനമായ രീതിയിൽ മന്ദിരം നിർമിക്കുമെന്നും യൂസഫലി അറിയിച്ചു.

2019 മേയ് 4ന് ശിലാസ്ഥാപനം നടത്തി നിര്‍മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അമ്മമാർക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബൾ സൈഡ് റെയിൽ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍, രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാർഥനാമുറികള്‍, ഡൈനിങ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫിസ് സംവിധാനങ്ങള്‍ എന്നിങ്ങനെയാണിവ. ഒരേസമയം 250 പേര്‍ക്ക് താമസിക്കാം.

MA-Yusuff-Ali-1704
പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി എം.എ.യൂസഫലി നിർമിച്ച ബഹുനില മന്ദിരം അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നിവർ ചേർന്ന് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. എം.എ യൂസഫലി, പുനലൂർ സോമരാജൻ എന്നിവർ സമീപം

എം.എ.യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിനു സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.

2016 ഓഗസ്റ്റ് മാസം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് അന്തേവാസികളായ അമ്മമാരെ യൂസഫലി ചേര്‍ത്തുപിടിച്ചത്. അമ്മമാരുടെ ബുദ്ധിമുട്ടുകളും, സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിർമിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധികാലത്തടക്കം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗാന്ധിഭവനിലെ അമ്മമാരുടെയും മറ്റ് അന്തേവാസികളുടെയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുമായി ഏഴുകോടിയിലധികം രൂപയുടെ സഹായവും യൂസഫലി നല്‍കി. ഓണത്തിനും റമസാനും വിഷുവിനും ക്രിസ്മസിനുമെല്ലാം ഈ കരുതല്‍ അമ്മമാരെ തേടിയെത്തി.

MA-Yusuff-Ali-1703
പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി എം.എ.യൂസഫലി നിർമിച്ച ബഹുനില മന്ദിരത്തിൽ അന്തേവാസികളായ മാലതി, ബേബി സുജാത എന്നിവരെ എം.എ.യൂസഫലിയും പുനലൂർ സോമരാജനും ചേർന്ന് വീൽ ചെയറിൽ മുറിയിലേക്ക് കൊണ്ടു പോകുന്നു

Content Highlights: MA Yusuf Ali, GandhiBhavan, Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com