പ്രിയയുടെ പരിചയം ‘പഠിക്കാൻ’ വാഴ്സിറ്റി; ചോർത്തലിൽ സിപിഎമ്മിനും നീരസം: കളിക്കുന്നതാര്?
Mail This Article
റാങ്ക് പട്ടിക പുനഃപരിശോധിക്കാനാണു ഹൈക്കോടതി നിർദേശമെങ്കിലും വിധി ഫലത്തിൽ സിപിഎമ്മിനു കനത്ത തിരിച്ചടി തന്നെയാണ്. സർവകലാശാലയ്ക്കും വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രനും നേരെ ഗവർണർ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ കക്ഷിരാഷ്ട്രീയപരമെന്നു പറഞ്ഞു തള്ളിക്കളഞ്ഞ സിപിഎമ്മിന് ഹൈക്കോടതി വിധിയിൽ പ്രതിരോധിക്കാൻ പഴുതുകളില്ല. പ്രിയാ വർഗീസിന്റെ അധ്യാപന യോഗ്യത സംബന്ധിച്ച മർമപ്രധാനമായ പരാമർശമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. എഫ്ഐപി, ഡിഎസ്എസ് കാലയളവുകൾ അധ്യാപന പരിചയമായി കാണാൻ കഴിയില്ലെന്നാണു കോടതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ, അടിസ്ഥാന യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അപ്പീൽ നൽകാമെന്ന ഏക പ്രതീക്ഷ മാത്രമാണ് സർവകലാശാലയ്ക്കും പ്രിയയ്ക്കുമുള്ളത്. പക്ഷേ, അടിസ്ഥാന യോഗ്യതയുടെ പ്രശ്നം അപ്പോഴും നിലനിൽക്കും. അപ്പീൽ നൽകിയാലും പ്രതിപക്ഷത്തോടു മാത്രമല്ല, അണികളോടും പ്രിയയുടെ അടിസ്ഥാന യോഗ്യത സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകാൻ സിപിഎം ബുദ്ധിമുട്ടും.