സാമ്പത്തിക പ്രതിസന്ധിയുണ്ട്, പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ല: ധനമന്ത്രി
Mail This Article
തിരുവനന്തപുരം∙ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്നും ധനമന്ത്രി. സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി ആഡംബര കാര്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിസുരക്ഷാ കാര്‍ വാങ്ങാനാണ് മുഖ്യമന്ത്രിയുടെ കാറിന് അനുവദിച്ചതിനേക്കാള്‍ അധികം തുക നല്‍കിയിരിക്കുന്നത്. ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ വാങ്ങുന്ന ആറാമത്തെ കാറാണിത്. പി.ജയരാജന്റെ ശാരീരിക ബുദ്ധിമുട്ട്, പ്രത്യേക സുരക്ഷ, നിലവിലെ വാഹനത്തിന്റെ കാലപ്പഴക്കം–ഇവയാണ് പുതിയ വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ പറയുന്ന കാരണം. വ്യവസായമന്ത്രി കൂടി പങ്കെടുത്ത ഖാദി ബോര്‍ഡ് യോഗം വാഹനം വാങ്ങാന്‍ തീരുമാനിക്കുകയും അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു.
പണം ഖാദി ബോര്‍ഡില്‍ നിന്നാണ്. ഏതാനും മാസം മുന്‍പ് മുഖ്യമന്ത്രി ആഡംബര കാര്‍ വാങ്ങിയത് 33 ലക്ഷം രൂപയ്ക്കായിരുന്നു. അതിലും കൂടുതലാണ് ജയരാജന്റെ കാറിന്. ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് നവംബർ 4നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്. അതിന് ശേഷം ജയരാജനെ കൂടാതെ മന്ത്രിമാരായ റോഷി അഗസ്റ്റീന്‍, വി.എന്‍.വാസവന്‍, ജി.ആര്‍.അനില്‍, വി.അബ്ദുറഹിമാന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് എന്നിവര്‍ക്കും കാര്‍ വാങ്ങാന്‍ ഇതിനിടെ പണം അനുവദിച്ചിരുന്നു. ജയരാജന് വാങ്ങുന്ന 35 ലക്ഷം വിലയുള്ള അതിസുരക്ഷ കാര്‍ എന്താണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
English Summary: Finance minister KN Balagopal on 35 lakhs car for P.Jayarajan