എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം
Mail This Article
തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കേരളം വിട്ടുപോകാൻ പാടില്ല. പാസ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കിൽ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.
അക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ വാദിച്ചു. കേസിൽ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എകെജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന സ്കൂട്ടർ നവ്യയുടെതല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. എകെജി സെന്റർ ആക്രമണക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന് എകെജി സെന്ററിലേക്ക് എത്താൻ ബൈക്ക് കൈമാറിയത് നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
English Summary: AKG Centre attack accused Navya got bail