ഗുജറാത്തിൽ ബിജെപി വിധി മോദിയുടെ കയ്യിൽ; എഎപിയുടെ ത്രികോണവ്യൂഹത്തിൽ കോൺഗ്രസ്
Mail This Article
നേമം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു– ‘കേരളത്തിലെ ഗുജറാത്ത് ആണ് നേമം’. കുമ്മനം അവിടെ പരാജയപ്പെട്ടു. എങ്കിലും നേമം കേരളത്തിന്റെ ഗുജറാത്താണ് എന്ന അഭിപ്രായം ചൂടേറിയ ചർച്ചകൾക്ക് കാരണമായി. ഗുജറാത്ത് എന്ന പരീക്ഷണശാലയിൽ നിന്ന് പുറത്തുവന്നത് കഠിന ഹിന്ദുത്വമാണ് എന്ന നിഗമനമാണ് തീവ്ര ചർച്ചയ്ക്ക് ഇടയാക്കിയത്. തന്റെ പ്രസ്താവന വർഗീയമായി തിരിച്ചുവിട്ടുവെന്ന് പരാജയത്തിനു ശേഷം കുമ്മനം തന്നെ പരാതിപ്പെട്ടു. ഗുജറാത്തിനെപ്പറ്റി പറഞ്ഞുവരുമ്പോൾ അതു വർഗീയതയുമായി എവിടെയോ കൂട്ടിമുട്ടുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജന്മനാടെന്ന ഖ്യാതിയും സിംഹങ്ങളുള്ള ഗീർവനത്തിന്റെ സവിശേഷതയും ആണ് ഗുജറാത്തിനെ ഒരുകാലത്ത് വേറിട്ടുനിർത്തിയത്. അതേസമയം ഗുജറാത്ത് ബിജെപി പ്രവർത്തകർക്ക് പ്രിയപ്പെട്ടതാകുന്നത് പാർട്ടിക്ക് ഉരുക്കുപോലെ ഉറച്ച അടിത്തറയുള്ള നാട് എന്ന പേരിലാണ്. ഗുജറാത്തിൽ നിന്നാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നത്തെ പ്രതാപത്തിലേക്ക് വളർന്നത്. 28 വർഷമായി ബിജെപിയെ പിന്തള്ളാൻ ശ്രമിച്ചുവരികയായിരുന്ന കോൺഗ്രസ് കൂടുതൽ പരിക്ഷീണരായതേയുള്ളൂ. അതിനിടയിലാണ് ഇത്തവണ ബിജെപിയെ തറപറ്റിക്കും എന്ന വെല്ലുവിളിയോടെ ആം ആദ്മി പാർട്ടി ഇളക്കിമറിക്കൽ തുടങ്ങിയത്. ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് എങ്കിൽ ‘മൃദു ഹിന്ദുത്വ’ മേമ്പൊടിയോടെയാണ് ആംആദ്മി പാർട്ടി രംഗത്തെത്തിയതെന്ന് വിമർശകർ പറയുന്നു. അങ്ങനെ നോക്കുമ്പോൾ വീണ്ടും ഗുജറാത്ത് പരീക്ഷണശാല ആകുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം അരങ്ങു തകർക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒരു വിശദ വിശകലനം.