ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിദേശികളെ ഇറക്കിയ ബിജെപിയുടെ നീക്കം വിവാദത്തിൽ. ഗുജറാത്ത് ബിജെപിയുടെ  ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിദേശികൾ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുന്ന വിഡിയോ പുറത്തു വന്നത്.

ഇതോടെ, വിദേശികളെ ഇറക്കിയുള്ള പ്രചാരണം 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യൻ വീസ നിയമത്തിന്റെയും ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് വക്‌താവ് സാകേത് ഗോഖലെ രംഗത്തെത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ബിജെപി റാലിയിൽ പങ്കെടുത്ത വിദേശികൾക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും സാകേത് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

‘‘ നിങ്ങൾക്ക് മഹാനായ ഒരു നേതാവുണ്ട്, നിങ്ങളുടെ നേതാവിനെ വിശ്വസിക്കൂ’ എന്ന ശീർഷകത്തിലാണു വിഡിയോ പോസ്റ്റ് ചെയ്‌തത്. ബിജെപിയുടെ ചിഹ്‌നമായ താമര ആലേഖനം ചെയ്‌ത ഷാളുകൾ ധരിച്ചാണ് വിദേശികൾ പ്രചാരണം നടത്തിയത്. അതിലൊരാൾ പറയുന്ന വാചകമാണ് ബിജെപി പുറത്തുവിട്ട വിഡിയോയുടെ ശീർഷകമായി ഇടം പിടിച്ചതും. 

വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാക്കൾ നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ അകമഴിഞ്ഞ്  അഭിനന്ദിക്കുന്നുണ്ട്. നിരവധി ആളുകൾ നിങ്ങളുടെ നേതാവിനെ കാണാനും, കേൾക്കാനും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കാനുമായി എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണെന്നും വിദേശികളിൽ ഒരാൾ പറയുന്നത് കേൾക്കാം. എന്നാൽ ബിജെപിയുടെ വിഡിയോയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 

വിഡിയോയിൽ ഉള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിനു സമാനമാണെന്നും വിദേശികളെ ഉപയോഗിച്ചുള്ള പ്രചാരണം തിരഞ്ഞെടുപ്പിലെ വിദേശ കൈക്കടത്തലാണെന്നും, നടപടി വേണമെന്നും തൃണമൂൽ കോൺഗ്രസ് വക്‌താവ് സാകേത് ഗോഖലെ ആവശ്യപ്പെട്ടു. 

2019ൽ തൃണമൂലിന്റെ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ ബംഗ്ലദേശ് നടൻ ഫിർദൂസ് അഹമ്മദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി എടുത്തിരുന്നു. നടന്റെ വീസ റദ്ദാക്കിയിരുന്നു. ഫിർദൂസ് അഹമ്മദ് വീസ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം  ഫോറിൻ റീജിയണൽ റജിസ്‌ട്രേഷൻ ഓഫിസി(എഫ്ആർആർഒ) നോട് ആവശ്യപ്പെടുകയും പിന്നാലെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്‌തിരുന്നു.

വീസ നിയമങ്ങൾ അനുസരിച്ച് ഫിർദൂസ് അഹമ്മദിന് ഇന്ത്യയിലേക്കുള്ള വീസ ലഭിക്കില്ല. സമാനമായ നടപടിയാണ് തൃണമൂൽ ബിജെപിയുടെ പ്രചാരണത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെയും ആവശ്യപ്പെടുന്നത്. 

English Summary: Foreign nationals’ at BJP rally in Gujarat; TMC seeking action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com