‘ഗുജറാത്ത് മോഡലിന്റെ ഗുണം കിട്ടിയോ?’: വിരംഗവീര്യമാകാൻ പടയൊരുക്കി ഹാർദിക്
Mail This Article
നഗരത്തിൽ നിന്ന് 60 കിലോമീറ്ററോളം അകലെ വിരംഗം മണ്ഡലത്തിലെ ഒരു കുഗ്രാമത്തിൽ പൊടിനിറഞ്ഞ പാതയോരത്തുള്ള ‘തോത്തഡ്’ മാ ക്ഷേത്രം. വിക്കുള്ളവർക്ക് അതു മാറ്റി ശബ്ദം നൽകാൻ ശക്തിയുള്ള ദേവിയാണ് തോത്തഡ് മായെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ക്ഷേത്രത്തോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽ ഗ്രാമവാസികളുടെ കൂട്ടത്തോട് പ്രസംഗിക്കുകയാണ് വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ. സംവരണമാവശ്യപ്പെട്ടുള്ള പട്ടീദാർ (പട്ടേൽ) പ്രക്ഷോഭത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ യുവ നേതാവിന്റെ കന്നി മത്സരമാണിത്. ‘വിരംഗം വലിയ മണ്ഡലമാണ്. ഇത്രയും വലുതായിട്ടും ഇവിടെ നല്ല റോഡുകളുണ്ടോ? കണ്ട്‌ല തുറമുഖവും ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് നിങ്ങൾക്ക് കിട്ടിയോ? ഗുജറാത്ത് മോഡൽ രാജ്യമാകമാനം വലിയ ചർച്ചയായിട്ടും അതിന്റെ ഗുണം നിങ്ങൾക്കു കിട്ടിയോ? കാരണം ഇവിടെ ജയിക്കുന്നത് ബിജെപിയല്ല. അഞ്ചാം തീയതി തിരഞ്ഞെടുപ്പു നടക്കുമ്പോൾ നിങ്ങൾ എന്നെ ജയിപ്പിക്കൂ. നിങ്ങൾക്ക് അടുത്ത 5 വർഷം വികസനത്തിന്റെ പൂക്കാലം ഞാൻ കൊണ്ടുവരാം..’ അന്തം വിട്ടിരിക്കുന്ന ഗ്രാമവാസികൾ ഒന്നടങ്കം കയ്യടിക്കുന്നു. കാവി തലപ്പാവുമണിഞ്ഞിരുന്ന ഹാർദിക് ഭായ് സന്തുഷ്ടനായി. ക്ഷേത്രത്തിന് പുറത്ത് അതു നോക്കി നിൽക്കുന്നവരിലൊരു യുവാവ് കയ്യിലെ സ്മാർട് ഫോണിലൊരു വിഡിയോയുമായി വരുന്നു. നട്ടുച്ചയെപ്പോലും ലഹരിപിടിപ്പിക്കുന്ന ഗന്ധത്തിനിടെ ഫോണിലെ വിഡിയോ കാണിക്കുന്നു. വിഡിയോയിൽ മോദിയെ അടപടലം വിമർശിക്കുന്ന ഹാർദിക് പട്ടേൽ. ‘ഇതല്ലേ അയാൾ’ എന്ന് ചൂണ്ടിക്കാണിക്കുന്നു. ആണെന്നും അല്ലെന്നും പറയാതെ ചിരിച്ചൊഴിയുമ്പോൾ അടുത്ത വിഡിയോ. അതിൽ കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വേദിയിൽ കയറി ഒരാൾ ഹാർദിക്കിനെ കയ്യേറ്റം ചെയ്യുന്നതാണെന്നു തോന്നുന്ന ഒരു ദൃശ്യം. ‘ഇതല്ലേ അയാൾ?’ വോട്ടർമാരിലെ ഈ ആശയക്കുഴപ്പമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാജ്യമുറ്റു നോക്കുന്ന മത്സരം നടക്കുന്ന അഹമ്മദാബാദിലെ വിരംഗം മണ്ഡലത്തിൽ നടക്കുന്നത്.