ADVERTISEMENT

ന്യൂഡൽഹി∙ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ കോ‌ടതിയലക്ഷ്യ നടപടി ആരംഭിക്കാൻ, ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് അപേക്ഷ നൽകി. സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങൾക്കൊപ്പമാണെന്ന ആർ.ബിന്ദുവിന്റെ പരാമർശത്തെ തുടർന്നാണ് നീക്കം.

സുപ്രീം കോടതി പോലും കേന്ദ്രനയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം കേരള സാങ്കേതിക സര്‍വകലാശാല സംബന്ധിച്ച വിധിയിലൂടെ മനസിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉന്നത വിദ്യാഭ്യാസ രംഗത്തു പിടിമുറുക്കാനാണ് കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതു നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ ഈ നയത്തോടൊപ്പം ചേര്‍ന്നു പോകുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ നവംബർ 18ന് ആർ.ബിന്ദു കൊച്ചിയിൽ നടത്തിയ പ്രസ്താവന സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ പറയുന്നു.

ഭരണഘടനയുടെ 19 (1) (എ) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ലെന്നും ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ടെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേന നൽകിയ അപേക്ഷയിൽ ആരോപിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചിട്ടുണ്ട്. അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സുപ്രീം കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനാകൂ.

English Summary: Petition seeking Contempt of Court against Minister R Bindu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com