വികസനവേഗം പോരെന്ന് കേന്ദ്രം: ഗതാഗത മന്ത്രാലയത്തിന്റെ 243 പദ്ധതികൾക്ക് ഇഴച്ചിൽ
Mail This Article
ന്യൂഡൽഹി ∙ ഇഴഞ്ഞുനീങ്ങുന്ന വികസന പദ്ധതികളുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതികളാണു വൈകുന്നതിൽ മുന്നിൽ. കേന്ദ്ര റോഡ് ഗതാഗതം – ദേശീയപാത മന്ത്രാലയത്തിനു കീഴിൽ 243 പദ്ധതികളാണു വൈകുന്നത്. 114 പദ്ധതികളുമായി റെയിൽവേയും 89 എണ്ണവുമായി പെട്രോളിയം മന്ത്രാലയവുമാണു പിന്നിൽ.
ഗതാഗത മന്ത്രാലയത്തിന്റെ ആകെയുള്ള 826 പദ്ധതികളിലെ 243 എണ്ണമാണു വൈകുന്നത്. റെയിൽവേയുടെ 173 എണ്ണത്തിൽ 114, പെട്രോളിയം വകുപ്പിന്റെ 142 എണ്ണത്തിൽ 89 പദ്ധതികൾക്കാണു കാലതാമസം നേരിടുന്നതെന്ന് ഒക്ടോബറിലെ ഫ്ലാഷ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 150 കോടി രൂപയോ അതിനു മുകളിലോ ചെലവുള്ള കേന്ദ്ര വികസന പദ്ധതികളാണ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് പ്രോജക്ട് മോണിറ്ററിങ് ഡിവിഷൻ (ഐപിഎംഡി) അവലോകനം ചെയ്യുന്നത്.
മുനീറാബാദ് – മഹബൂബ്നഗർ റെയിൽ പദ്ധതിയാണ് വൈകുന്നതിൽ മുന്നിൽ; 276 മാസമായി പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ഉദ്ദംപുർ – ശ്രീനഗർ –ബാരാമുള്ള റെയിൽപദ്ധതിയാണ് രണ്ടാമത്; 247 മാസം. ബെലാപുർ – സീവുഡ് – അർബൻ ഇരട്ടപ്പാത വൈദ്യുതീകരണമാണു മൂന്നാമത്; 228 മാസം. വിവിധ മന്ത്രാലയങ്ങൾക്കു കീഴിലായി ആകെ 642 പദ്ധതികൾ വൈകുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 79 എണ്ണം 1000 കോടിയോ അതിൽക്കൂടുതലോ ചെലവുള്ള മെഗാ പദ്ധതികളാണ്.
English Summary: Road transport and highways sector has maximum number of delayed projects