ഗുജറാത്തിനെ ഇളക്കിമറിക്കാൻ മോദി; 2 ദിവസം, 7 റാലി: കണക്കുകൂട്ടി ബിജെപി
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ, പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. സ്വന്തം നാടായ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തിനിടെ 7 റാലികളിൽ കൂടി പങ്കെടുക്കും. ഇതോടെ മോദിയുടെ ആകെ റാലികൾ 27 എണ്ണമാകും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി 34 റാലികളിലാണു പങ്കെടുത്തത്.
മോദിയുടെ സജീവ പ്രചാരണത്തെ രണ്ടു തരത്തിലാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1) മൂന്നു പതിറ്റാണ്ടോളം നീണ്ട ഭരണം ഇത്തവണയും പിടിക്കാനാകുമെന്ന് ബിജെപി വിശ്വസിക്കുന്നു. എഎപി രംഗത്തെത്തിയതോടെ ത്രികോണ പോരാട്ടമാണ്. മത്സരമുണ്ടെന്നു ബിജെപിയും സമ്മതിക്കുന്നു. 2) മോദി ഗുജറാത്തിൽനിന്നു മാറിയിട്ടും മറ്റൊരു നേതാവിനെ ആശ്രയിക്കാനോ കണ്ടെത്താനോ ബിജെപിക്കു കഴിഞ്ഞിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇപ്പോഴും ആശ്രയിക്കുന്നതു മോദിയെയും അദ്ദേഹത്തിന്റെ ജനപ്രീതിയുമാണ്.
ഡിസംബർ ഒന്നിനു ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ, മറ്റിടങ്ങളിൽ പ്രചാരണവുമായി മോദി നിറഞ്ഞുനിൽക്കും. ഇതു സംസ്ഥാനമാകെ തരംഗമുണ്ടാക്കുമെന്നാണു ബിജെപി കരുതുന്നത്. വ്യാഴാഴ്ച മൂന്നിടത്തും വെള്ളിയാഴ്ച നാലിടത്തുമാണു മോദിയുടെ റാലി നിശ്ചയിച്ചിട്ടുള്ളത്. അഹമ്മദാബാദിൽ റോഡ് ഷോയിലും മോദി പങ്കെടുക്കുന്നുണ്ട്. നവംബർ 20ന് സോമനാഥ ക്ഷേത്രം സന്ദർശിച്ചാണു പ്രധാനമന്ത്രി ഗുജറാത്തിലെ പ്രചാരണം തുടങ്ങിയത്.
ബിജെപിയുമായി താരതമ്യപ്പെടുത്തുമ്പോൾ വമ്പൻ പ്രചാരണമായിരുന്നില്ല കോൺഗ്രസിന്റേത്. ഭാരത് ജോഡോ യാത്രയ്ക്ക് അവധി കൊടുത്ത് രാഹുൽ ഗാന്ധി വന്നപ്പോഴാണു കോൺഗ്രസ് ക്യാംപ് ഉഷാറായത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള പ്രചാരണത്തിലൂടെ എഎപി സാന്നിധ്യമറിയിച്ചു. എന്നാൽ, എഎപിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ലെന്നാണു കോൺഗ്രസും ബിജെപിയും അവകാശപ്പെടുന്നത്. ഡിസംബർ അഞ്ചിനാണു രണ്ടാംഘട്ട വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. ഹിമാചൽപ്രദേശിലെ വോട്ടെണ്ണലും അന്നാണ്.
English Summary: 7 Rallies In 2 Days, What PM Modi's Blitz Says About BJP Campaign In Gujarat