ADVERTISEMENT

തിരുവനന്തപുരം∙ കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെ കേസ് നടത്തിപ്പ് സൃഷ്ടിച്ച കടബാധ്യതകൾ തീർക്കാന്‍ അധിക സമയം ജോലി ചെയ്യുകയാണ് സഹോദരി ഇൽസ. അയർലണ്ടിലെ കോർക്ക് നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ഇൽസ. കൊല്ലപ്പെട്ട സഹോദരിയാണ് 2014ൽ ആരംഭിച്ച ബ്യൂട്ടി പാർലറിനു ‘ബ്യൂട്ടി ക്രൈം’ എന്നു പേരിട്ടത്. ‘കമ്മിറ്റ് സംതിങ് ബ്യൂട്ടിഫുൾ’ എന്നായിരുന്നു പേരിനോടൊപ്പം ഉണ്ടായിരുന്ന വാചകം. 2018 നുശേഷം ബിസിനസിൽ നിന്നു വിട്ടുനിൽക്കേണ്ടിവന്നത് ബാധ്യതയായതായി ഇൽസ പറയുന്നു. കോവിഡ് വന്നതും പ്രതിസന്ധി സൃഷ്ടിച്ചു. 

കേരളത്തിലെത്തിയ ലാത്വിയൻ സ്വദേശിയായ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് ആയുർവേദ ചികിത്സയ്ക്കായി യുവതിയും പരിചരണത്തിനായി സഹോദരി ഇൽസയും കേരളത്തിലെത്തിയത്. രാവിലെ നടക്കാനിറങ്ങിയ യുവതിയെ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽതി. ഒരു മാസത്തിനുശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരി ഇൽസയുടെയും സുഹൃത്തുക്കളുടെയും നീണ്ട നാളത്തെ പോരാട്ടത്തിനൊടുവിലാണ് അനുകൂല വധിയുണ്ടാകുന്നത്. കേസിനെ സംബന്ധിച്ച് ഇൽസ മനോരമ ഓൺലൈനുമായി സംസാരിച്ചു.

∙ സഹോദരിയുടെ മരണത്തിനു കാരണക്കാരായവരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുകയാണ്. നീതി ലഭിച്ചെന്നു കരുതുന്നുണ്ടോ?

പ്രതികൾ കുറ്റക്കാരാണെന്ന കോടതിയുടെ കണ്ടെത്തലിൽ വളരെയധികം സന്തോഷമുണ്ട്. എനിക്കത് പ്രകടിപ്പിക്കാൻ വാക്കുകളില്ല. അവസാനം എന്റെ സഹോദരിക്കു നീതി ലഭിച്ചു. ദൈവം ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകി, എന്നെയും കുടുംബത്തെയും ഈ കേസിനെ വിജയത്തിലേക്കു നയിക്കാന്‍ പ്രവർത്തിച്ച നല്ലവരായ ആളുകളെയും അനുഗ്രഹിച്ചു. 

കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി (ഇടത്), കേസിലെ പ്രതികൾ (വലത്)
കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി (ഇടത്), കേസിലെ പ്രതികൾ (വലത്)

∙ ഈ വിധിയിലേക്ക് എത്താൻ നടത്തിയ പോരാട്ടങ്ങളുടെ അനുഭവം പങ്കുവയ്ക്കാമോ?

നിരവധി പ്രയാസങ്ങൾ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. 2018ൽ ഇന്ത്യയിൽനിന്ന് മടങ്ങിയശേഷം അടുത്തവർഷം വീണ്ടും ഇന്ത്യയിലെത്താൻ ശ്രമിച്ചെങ്കിലും എന്റെ ബിസിനസ് ശരിയായ രീതിയിൽ നടക്കാത്തതിനാൽ സാധിച്ചില്ല. 2020ൽ കോവിഡ് കാരണം യാത്ര മുടങ്ങി. 2021ൽ വീസ ലഭിച്ച് ഞാൻ കേരളത്തിലെത്തി. അതിനുശേഷം ഹൈക്കോടതിയെ സമീപിച്ചു. അതെല്ലാം പ്രയാസങ്ങളുടെ നാളുകളായിരുന്നു. കോടതിയിൽ വിചാരണ ആരംഭിച്ചപ്പോൾ 9 മാസത്തോളം എനിക്കു കേരളത്തിൽ തുടർച്ചയായി താമസിക്കേണ്ടിവന്നു. അത് ബിസിനസിനെ ദോഷകരമായി ബാധിച്ചു. എന്റെ സഹോദരിയുമായും ഞാനുമായും ഏറെ അടുപ്പമുള്ള മുത്തശ്ശി ആശുപത്രിയിലായി. അതുകൊണ്ട് എനിക്ക് ലാത്വിയയിലേക്ക് മടങ്ങേണ്ടി വന്നു. ഞാൻ എത്തി കുറച്ചു ദിവസങ്ങൾക്കു ശേഷം മുത്തശ്ശി അന്തരിച്ചു. എന്റെ ബിസിനസിനെയും കുടുംബത്തെയും വിട്ട് ഞാൻ വീണ്ടും കേരളത്തിലെത്തി. ഇതെല്ലാം എനിക്കു ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു.

∙ കേസുമായി ബന്ധപ്പെട്ട മറക്കാനാകാത്ത അനുഭവങ്ങൾ എന്തൊക്കെയാണ്?

സഹോദരിയുടെ മൃതശരീരം കണ്ടെത്തിയ ദിവസവും സംസ്ക്കരിച്ച ദിവസവും ഒരിക്കലും മറക്കാനാകില്ല. ശരീരം കണ്ടെടുക്കുന്നതിനു മൂന്നു ദിവസം മുൻപ്, ശരീരം കിട്ടിയ സ്ഥലത്തിനടുത്ത് തിരച്ചിലിനായി പോയി പോസ്റ്റർ ഒട്ടിച്ചിരുന്നു. മൃതശരീരം കിട്ടിയ സ്ഥലത്തേക്ക് പോകണം എന്ന് അന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആൾ താമസം ഇല്ലാത്ത സ്ഥലമാണെന്ന് നാട്ടുകാർ പറഞ്ഞതിനാൽ പോയില്ല. മൂന്നു ദിവസത്തിനുശേഷം അവിടെനിന്നു മൃതശരീരം കിട്ടി. എന്റെ ജൻമദിനത്തിലാണ് സഹോദരിയുടെ മൃതശരീരം കിട്ടിയത്. സഹോദരിയെ ജീവനോടെയോ അല്ലാതെയോ കിട്ടണം എന്നായിരുന്നു ജന്മദിനത്തിൽ രാവിലെ പ്രാർഥിച്ചത്. ആ പ്രാർഥന വേദനയോടെ സഫലമായി.

ലാത്വിയൻ യുവതിയുടെ മൃതദേഹം കണ്ടെത്താനായി നടത്തിയ തിരച്ചിലിൽ വസ്ത്രം വീണ്ടെടുത്തപ്പോൾ  വിദേശവനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ചിതയിലെരിയുമ്പോൾ അരികിൽ സഹോദരി
ലാത്വിയൻ യുവതിയുടെ മൃതദേഹം കണ്ടെത്താനായി നടത്തിയ തിരച്ചിലിൽ വസ്ത്രം വീണ്ടെടുത്തപ്പോൾ വിദേശവനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ചിതയിലെരിയുമ്പോൾ അരികിൽ സഹോദരി ഇൽസ.

ജീവിതകാലം മുഴുവൻ സഹോദരിയെ അന്വേഷിച്ചു നടക്കുന്നതിനേക്കാൾ മൃതശരീരമെങ്കിലും കിട്ടുന്നതാണ് നല്ലതെന്ന ചിന്തയായിരുന്നു മനസ്സിൽ. ലാത്വിയൻ ആചാരമനുസരിച്ച് പൂക്കൾ വച്ചും ഇഷ്ടപ്പെട്ട പാട്ടുകൾ വച്ചും സഹോദരിയുടെ മൃതദേഹം സംസ്കരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നടന്നത്. തിരക്കു കാരണം സഹോദരിയുടെ മൃതദേഹത്തിന് അടുത്തേക്ക് പോകാൻപോലും കഴിഞ്ഞില്ല. അതു കഴിഞ്ഞ് രണ്ടു ദിവസത്തേക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. സഹോദരിയെ തിരക്കി കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി ഗ്രാമങ്ങൾ സന്ദർശിച്ചു. ഗ്രാമീണരായ ആളുകള്‍ വളരെ സ്നേഹത്തോടെയാണ് എന്നെയും സുഹൃത്തുക്കളെയും സ്വീകരിച്ചത്. ഭക്ഷണവും വെള്ളവുമെല്ലാം തന്നു സഹായിച്ചു. അതൊന്നും ഒരിക്കലും മറക്കാനാകില്ല.

∙ അധികൃതരുടെ ഭാഗത്തുനിന്നുള്ള പരിഗണന എങ്ങനെയായിരുന്നു?

എല്ലാവരുടെ ഭാഗത്തുനിന്നും സഹായമുണ്ടായി. നാലാം ദിവസമാണ് ഡിജിപിക്കു പരാതി നൽകിയത്. ഇപ്പോൾ എഡിജിപിയായ മനോജ് എബ്രഹാം വളരെയധികം സഹായിച്ചു. കാണാതായ ദിവസം വൈകിട്ടാണ് പൊലീസിനു പരാതിയുമായി പോയത്. സഹോദരിയെ പോത്തൻകോട്ടെ ആയുർവേദ കേന്ദ്രത്തിൽനിന്ന് കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവർ പറഞ്ഞത് ബീച്ചിലേക്ക് പോയെന്നാണ്. ലൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്ന് വിഴിഞ്ഞം ഭാഗത്തേക്കാണ് സഹോദരിയെ തിരഞ്ഞത്. കോവളത്ത് ലൈറ്റ് ഹൗസിന്റെ ഭാഗത്ത് ഒറ്റ ബീച്ചു മാത്രമാണെന്നാണ് കരുതിയത്. ഇപ്പുറത്തെ ബീച്ചിന്റെ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിൽ ചിലപ്പോൾ സഹോദരിയെ കണ്ടെത്താനാകുമായിരുന്നു. ഇനിയങ്ങനെ ചിന്തിക്കുന്നതിൽ അർഥമില്ലെന്നറിയാം.

∙ കേരളം വീണ്ടും സന്ദർശിക്കുമോ?

സാഹചര്യങ്ങൾ ഒത്തു വരികയാണെങ്കിൽ അടുത്ത വർഷം ഒക്ടോബറിൽ ഞാൻ കേരളം സന്ദർശിക്കും.

English Summary: Ilze Skromane about her sister liga murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com