16 സംസ്ഥാനങ്ങളില്‍ ബിജെപി-എന്‍ഡിഎ, കോണ്‍ഗ്രസ് സഖ്യം അഞ്ചിടത്ത്, രണ്ടിടത്ത് എഎപി; ‘പുതിയ ഇന്ത്യ’
Mail This Article
ന്യൂഡൽഹി ∙ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഹിമാചൽ പ്രദേശിലെ വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡിലും ബിഹാറിലും മഹാസഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്.
മറുവശത്ത് ബിജെപിക്ക് ഇതുവരെ ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ഒരെണ്ണം നഷ്ടമായി. ഗുജറാത്തിലെ റെക്കോര്‍ഡ് വിജയം ആഘോഷിക്കുമ്പോഴും മോദി–ഷാ സഖ്യം ഇക്കാര്യം മറക്കാനിടയില്ല. ഹിമാചൽ പ്രദേശിൽ നഷ്ടപ്പെട്ടതോടെ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, അസം, ത്രിപുര, മണിപ്പുര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് തനിച്ച് ഭരണമുള്ളത്.
മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ പക്ഷമാണ് നേതൃത്വത്തിലെങ്കിലും കടിഞ്ഞാണ്‍ ബിജെപിക്കാണ്. സിക്കിം, മിസോറം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷികളാണ് ഭരണത്തില്‍.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും പഞ്ചാബിലും സര്‍ക്കാരിനെ നയിക്കുന്നു. തെക്കുകിഴക്കന്‍ മേഖലയിലുള്ള മറ്റ് ആറു പ്രധാന സംസ്ഥാനങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ്, എഎപി ഇതരകക്ഷികളാണ് ഭരണത്തില്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒഡിഷയില്‍ ബിജെഡിയും തെലങ്കാനയില്‍ ബിആര്‍എസും ആന്ധ്രപ്രദേശിൽ വൈഎസ്ആര്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ ഡിഎംകെയും വൻ ഭൂരിപക്ഷത്തിലാണ് ഭരണം. കേരളത്തില്‍ സിപിഎം നയിക്കുന്ന എല്‍ഡിഎഫിനും മികച്ച ഭൂരിപക്ഷമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇതില്‍ പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, തെലങ്കാന, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ അടുത്ത വര്‍ഷവും 2024ന്റെ തുടക്കത്തിലുമായി തിരഞ്ഞെടുപ്പിലേക്കു പോകും. മധ്യപ്രദേശ്, ഒഡിഷ, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ്.
English Summary: Gujarat, Himachal Pradesh Election Results 2022